‘ഇത് പ്രായോഗികമല്ല’: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പി’ൽ എതിർപ്പുമായി പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി∙ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിൽ എതിർപ്പുമായി പ്രതിപക്ഷം. ഒരു ജനാധിപത്യ രാജ്യത്ത് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് പ്രായോഗികമല്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ‘‘ഇതിനോട് യോജിക്കാനാവില്ല. ജനാധിപത്യ രാജ്യത്ത് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമല്ല. ജനാധിപത്യം നിലനിൽക്കണമെങ്കിൽ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടത് അനിവാര്യമാണ്’’– മല്ലികാർജുൻ ഖർഗെ പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം പ്രായോഗികമല്ലെന്നു കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലും പറഞ്ഞു. ‘‘ഇത് പ്രായോഗികമല്ല. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവരുടെ ശ്രമം’’– കെ.സി.വേണുഗോപാൽ വിശദീകരിച്ചു.
കൂടിയാലോചനാ പ്രക്രിയയിൽ പങ്കെടുത്തവരിൽ 80 ശതമാനത്തിലധികം പേരും 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദേശത്തിന് നല്ല പ്രതികരണം നൽകിയതോടെ പ്രതിപക്ഷത്തിന് ആന്തരിക സമ്മർദ്ദം അനുഭവപ്പെട്ടു തുടങ്ങിക്കാണും എന്നായിരുന്നു ഖർഗെയ്ക്കു മറുപടിയായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. യുവാക്കൾ പുതിയ നിർദേശത്തെ നന്നായി അനുകൂലിക്കുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.