അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും: ഡ്രജർ കാർവാറിലെത്തി; നാളെ ഷിരൂരിലേക്ക് കൊണ്ടുപോകും
Mail This Article
ബെംഗളൂരു∙ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും. കാർവാറിൽ എത്തിച്ച ഡ്രജർ നാളെ വൈകിട്ട് ഷിരൂരിലെത്തിക്കും. നിലവിലെ കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്നാണു വിലയിരുത്തൽ. ഗോവയില്‍ നിന്നെത്തിച്ച ഡ്രജര്‍, ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കാർവാറിൽ തീരത്ത് എത്തിച്ചത്.
പാലങ്ങള്‍ തടസ്സമായുള്ളതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രജര്‍ ഷിരൂരിലേക്ക് കൊണ്ടുപോവുക. കടല്‍ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രജര്‍ വെസല്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ടു പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കമുള്ള ഡ്രജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്.