തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി?; കുടുംബത്തിൽ ധാരണ, പ്രഖ്യാപനം വൈകില്ല
Mail This Article
ചെന്നൈ∙ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് വിവരം. ഇതു സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തിൽ ധാരണയായി. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നു ഡിഎംകെ വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ഉദയനിധി.
മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചന അമേരിക്കയിൽനിന്നു മടങ്ങിയെത്തിയപ്പോൾ സ്റ്റാലിൻ നൽകിയിരുന്നു. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നാണ് മുൻപ് സ്റ്റാലിൻ പറഞ്ഞിരുന്നത്.
നേരത്തേ ഓഗസ്റ്റ് 22ന് മുൻപ് ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയിൽ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിൻ അതെല്ലാം തള്ളി. എന്നാൽ ഡിഎംകെയുടെ 75–ാം വാർഷികവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ആഘോഷങ്ങൾക്ക് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറിയെന്നാണ് റിപ്പോർട്ടുകൾ.