ADVERTISEMENT

തിരുവനന്തപുരം∙ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലയാളികളും ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സിപിഎം ക്രിമിനല്‍ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണം. രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സിപിഎം സംസ്ഥാന- ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യുഡിഎഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം. സിപിഎം നേതാക്കള്‍ക്കൊപ്പം ആശുപത്രി മുറിയില്‍ ഗൂഢാലോചന നടത്തിയ രണ്ടു ക്രിമിനലുകള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തു എന്നതിനുള്ള തെളിവുകളും സിബിഐ ഹാജരാക്കിയിട്ടുണ്ട്. 

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ കൊടുംക്രിമിനലുകള്‍ക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കുകയും ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയുകയും ചെയ്യുന്ന സിപിഎം, ഷൂക്കൂര്‍ വധക്കേസ് പ്രതികളെയും സംരക്ഷിക്കുമെന്ന് ഉറപ്പാണ്. മാഫിയ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയും അതിന്റെ നേതാക്കളും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നു എന്നത് കേരളത്തിനും അപമാനമാണ്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്നതും, ക്രിമിനല്‍ കൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചുള്ള ലഹരിക്കടത്തും സ്വര്‍ണം പൊട്ടിക്കലുമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് സിപിഎമ്മിലെ പുതുതലമുറ നേതാക്കളെങ്കിലും തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

Shukkoor murder case: Killers and conspirators must be punished, says V.D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com