സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിഡിയോ കോൾ തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത് 9 ലക്ഷം
Mail This Article
മുംബൈ ∙ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചവർ റെയിൽവേ ഉദ്യോഗസ്ഥന്റെ 9 ലക്ഷം രൂപ കവർന്നതായി പരാതി. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയാണെന്ന് കണ്ടെത്തിയതായി ഭീഷണിപ്പെടുത്തിയാണു പണം കവർന്നത്.
സിഎസ്എംടി സ്റ്റേഷനിലെ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർമാരിൽ ഒരാൾക്കാണ് പണം നഷ്ടപ്പെട്ടത്. ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇദ്ദേഹത്തിന്റെ നമ്പറും ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ഭീഷണി തുടങ്ങിയത്. മൊബൈൽ നമ്പർ റദ്ദാക്കപ്പെടുമെന്നും ഇതൊഴിവാക്കാൻ പൂജ്യത്തിൽ അമർത്തണമെന്നുമായിരുന്നു ആദ്യ സന്ദേശം. ഇത്തരത്തിൽ പൂജ്യത്തിൽ അമർത്തിയതോടെ ഒരു വിഡിയോ കോൾ വന്നു. സന്ദേശത്തെ അവഗണിച്ച് ഓഫിസിലെത്തിയെങ്കിലും സിബിഐ ഉദ്യോഗസ്ഥർക്കു ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥൻ അവധിയെടുത്ത് വീട്ടിലെത്തി. പിന്നീടുള്ള ചോദ്യം ചെയ്യലിലും ഭീഷണി തുടർന്നു.
പിന്നീട്, ഓൺലൈനിലെത്തിയ വ്യാജ ജഡ്ജി, പരിശോധനയ്ക്കായി 9 ലക്ഷം രൂപ അവർ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹം പണം അയച്ച് നൽകി. പിന്നീട് കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ദിവസങ്ങൾക്കു മുൻപ്, സമാനരീതിയിൽ അഭിഭാഷകയുടെ 50,000 രൂപയും കവർച്ച ചെയ്യപ്പെട്ടിരുന്നു.