ബിട്ടുവിന്റെ പരാമർശം: രാഹുലിനും പ്രിയങ്കയ്ക്കും എസ്പിജി സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ്
Mail This Article
ഷിംല∙ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുറിച്ച് കേന്ദ്രമന്ത്രി രവ്‌നീത് ബിട്ടു നടത്തിയ വിവാദ പരാമർശത്തെ പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്. രാഹുലിന്റെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) സുരക്ഷ പുനഃസ്ഥാപിക്കണമെന്നും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ദേശീയ വക്താവ് കുൽദീപ് റാത്തോഡ് ആവശ്യപ്പെട്ടു.
ഇത്തരം പരാമർശങ്ങൾ നടത്തുന്നതിനു മുൻപ് കോൺഗ്രസുമായുള്ള ബിട്ടുവിന്റെ കുടുംബത്തിന്റെ ചരിത്രം പരിഗണിക്കണമെന്ന് റാത്തോഡ് പറഞ്ഞു. പാർട്ടി താങ്കളെ മന്ത്രിയാക്കിയത് ഇത്തരം പരാമർശങ്ങൾ നടത്താനാണോ എന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരെ ശത്രുപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിട്ടു മാപ്പ് പറയണമെന്നും റാത്തോഡ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. രാഹുൽ യുഎസ് സന്ദർശിച്ചപ്പോൾ നടത്തിയ പരാമർശങ്ങളെ സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. പഞ്ചാബിൽനിന്നുള്ള ബിജെപി എംപിയാണ് രവ്നീത് സിങ് ബിട്ടു. കോൺഗ്രസ് വിട്ടാണ് ബിജെപിയിൽ ചേർന്നത്. റെയിൽവേ സഹമന്ത്രിയാണ്