ADVERTISEMENT

തിരുവനന്തപുരം∙ നടി കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

‘‘കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിന്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ച കെപിഎസിയിലാണ്. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ  മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.

മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു’’– മുഖ്യമന്ത്രി അനുശോചനമറിയിച്ചു. 

∙ മന്ത്രി സജി ചെറിയാൻ:

മലയാള സിനിമാലോകത്തിന് വലിയ നഷ്ടം സൃഷ്ടിച്ചുകൊണ്ടാണ് കവിയൂർ പൊന്നമ്മ വിടവാങ്ങുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. ‘‘അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിൽ നിറഞ്ഞു നിന്നപ്പോഴും അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനും അവർക്ക് സാധിച്ചു. ആദരാഞ്ജലികൾ’’– സജിചെറിയാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ:

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു

∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ:

കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയത്. കിരീടം, അധിപൻ, തേന്മാവിൻ കൊമ്പത്ത്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ കവിയൂർ പൊന്നമ്മ  അവതരിപ്പിച്ച കഥാപാത്രങ്ങൾമലയാളികൾക്ക് മറക്കാനാവുന്നതല്ല. കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അവരുടെ കുടുംബത്തിന്റെയും സിനിമ പ്രേക്ഷകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അറിയിച്ചു.

English Summary:

Veteran Malayalam Actress Kaviyoor Ponnamma Passes Away, Kerala Mourns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com