ADVERTISEMENT

കോട്ടയം∙ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്ന് എ.കെ. ശശീന്ദ്രൻ. അതുവരെ ആരും മാറുന്നുമില്ല, ആരും കയറുന്നുമില്ലെന്നും ശശീന്ദ്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. പാർലമെന്ററി ജീവിതത്തിൽ നിന്നും വിരമിക്കുമെന്ന വാർത്തകളും ശശീന്ദ്രൻ തള്ളി. തോമസ് കെ. തോമസ് മന്ത്രിയാകാൻ യോഗ്യനാണോ എന്ന ചോദ്യത്തിനു മന്ത്രിയാകാൻ എംഎൽഎ ആയാൽ മതിയെന്നും പ്രത്യേക യോഗ്യതകളൊന്നും ആവശ്യമില്ലെന്നുമായിരുന്നു ശശീന്ദ്രന്റെ മറുപടി.

∙ മുംബൈയിൽ നടന്ന ചർച്ചയിൽ ശരിക്കും സംഭവിച്ചത് എന്താണ് ?

തോമസ് കെ.തോമസ് എംഎൽഎയ്ക്ക് മന്ത്രിസ്ഥാനത്തേക്ക് എത്താൻ ഒരു താൽപര്യമുണ്ടായി. കുറച്ചുകാലം അദ്ദേഹത്തിന് മന്ത്രിസ്ഥാനം കൊടുത്തുകൂടെയെന്ന് എന്നോട് ശരദ് പവാർ ചോദിച്ചു. നിങ്ങളാണല്ലോ തീരുമാനിക്കേണ്ടത്, ഞാനല്ല എന്നായിരുന്നു എന്റെ മറുപടി. ശരി, അങ്ങനെയാണെങ്കിൽ ഇത്തരമൊരു താൽപര്യം തോമസിനുള്ളത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ശരദ് പവാർ‌ പറഞ്ഞു. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ ശേഷം അദ്ദേഹത്തിന്റെ തീരുമാനം എന്താണെന്ന് അറിഞ്ഞിട്ട് കാര്യങ്ങൾ അറിയിക്കാമെന്നാണ് ശരദ് പവാർ പറഞ്ഞത്. 10 മിനിറ്റ് മാത്രമാണ് ചർച്ച നടന്നത്.

∙ മുഖ്യമന്ത്രി എന്ത് നിലപാട് എടുക്കുമെന്നാണ് കരുതുന്നത് ?

സാധാരണ നിലയ്ക്ക് പാർട്ടികൾ ആവശ്യപ്പെട്ടാണ് മന്ത്രിയെ പിൻവലിക്കുന്നത്. പകരം വയ്ക്കുന്ന ആളെ സംബന്ധിച്ചായിരിക്കും ആലോചന വേണ്ടി വരുന്നത്. എനിക്ക് പകരം വയ്ക്കുന്ന ആളെ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനു മുന്നേയാണ് അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നത്.

∙ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി മന്ത്രിയായിരുന്ന വ്യക്തിയാണല്ലോ. ആ നിലയ്ക്ക് മാന്യമായ റിട്ടയർമെന്റ് ആഗ്രഹിക്കുന്നുണ്ടോ ?

 അങ്ങനെ പറയാറായിട്ടില്ല. ഇപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയേണ്ട. മുഖ്യമന്ത്രിയുടെ മറുപടി അറിഞ്ഞ ശേഷം അന്തിമ തീരുമാനം പാർട്ടി പ്രസിഡന്റ് എടുക്കും. അതുവരെ ആരും മാറുന്നുമില്ല, ആരും കയറുന്നുമില്ല.

∙ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നല്ലോ ?

 തോമസ് കെ.തോമസിന് മന്ത്രിയാകണമെന്നതാണ് ഇവിടത്തെ പ്രശ്നം. എന്നെ സംബന്ധിച്ച് എന്റെ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഞാൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി പറയട്ടെ.

∙ മന്ത്രിസ്ഥാനം ഒഴിയുന്നതിനു പകരമായി എൻസിപി സംസ്ഥാന അധ്യക്ഷ പദവി താങ്കൾക്ക് ലഭിക്കുമെന്ന് കേൾക്കുന്നുണ്ടല്ലോ ?

അതൊക്കെ വാർത്തകൾ മാത്രമാണ്.

∙ തോമസ് കെ.തോമസ് മന്ത്രിയാകാൻ യോഗ്യനാണോ ?

അതെന്ത് ചോദ്യമാണ്. അദ്ദേഹം എംഎൽഎ അല്ലേ. മന്ത്രിയാകാൻ പ്രത്യേക യോഗ്യതയൊന്നും ആവശ്യമില്ല. എംഎൽഎ ആയിരുന്നാൽ മതി.

∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എലന്തൂരിൽ മത്സരിച്ചപ്പോൾ അവസാന മത്സരമായിരിക്കും എന്നാണ് താങ്കൾ പറഞ്ഞത്. ഇപ്പോൾ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകളിലും താങ്കൾ പാർട്ടിയോട് ഇതേ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇനി മത്സര രംഗത്തുണ്ടാകില്ലേ ?

 നിർബന്ധ ബുദ്ധിയോടെ പറയേണ്ട കാര്യമല്ല അത്. അതാത് സമയത്തെ സാഹചര്യം കണക്കിലെടുത്തേ സ്ഥാനാർഥിത്വം പറയാറുള്ളൂ.

∙ ആരോഗ്യം അനുവദിക്കുമെങ്കിൽ മത്സരിക്കുമെന്നാണോ

 ആരോഗ്യമുണ്ടെങ്കിലും മത്സരിക്കാൻ പറ്റിയെന്ന് വരില്ലല്ലോ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടല്ലേ നിയമസഭാ തിരഞ്ഞെടുപ്പ്. ആ സമയത്ത് കൂടിയാലോചിക്കാം. 

∙ പി.സി. ചാക്കോയും തോമസ് കെ.തോമസും എന്താണ് താങ്കളോട് പറഞ്ഞിരിക്കുന്നത്?

ശരി, പ്രതികരിക്കാനില്ല.

English Summary:

A.K. Saseendran Talks About Ministerial Resignation Decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com