ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത്കുമാറിനെ തല്‍ക്കാലം ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍ അതിശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും വിശ്വസ്തനെ തല്‍ക്കാലം കൈവിടാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. 

അന്വേഷണറിപ്പോര്‍ട്ട് കിട്ടുന്നതു വരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോപണം വന്നതിന്റെ പേരില്‍ മാത്രം ആരെയും മാറ്റില്ല. എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപത്തെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘ സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നത്തെ ഗൗരവമായി തന്നെയാണ് കാണുന്നത്. അജിത് കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അതിന്‍മേല്‍ യുക്തമായി തീരുമാനം കൈക്കൊള്ളും. എന്തായാലും ഒരുകാര്യം വ്യക്തമായി പറയുകയാണ്. ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പൊലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത്  അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ് ’’–മുഖ്യമന്ത്രി പറഞ്ഞു.

അജിത് കുമാറിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. അതില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ എന്ത് നടപടി എടുക്കുമെന്ന് അപ്പോള്‍ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ മാത്രമേ നടപടി ഉണ്ടാകൂ എന്ന് ആവര്‍ത്തിച്ചു പറയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചുവെന്നതിന്റെ പേരില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആരെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇടതുമുന്നണി യോഗത്തിനു ശേഷം എഡിജിപി വിഷയത്തില്‍ സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചല്ലോ എന്ന ചോദ്യത്തിന്, പാര്‍ട്ടികളെ തമ്മില്‍ തെറ്റിക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരെ പലതരം ഇടനിലയ്ക്കായി ഉപയോഗിച്ചതിന്റെ മുന്‍കാല അനുഭവം വച്ചായിരിക്കും പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞത്. തങ്ങള്‍ക്ക് അത്തരം പതിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

CM Pinarayi Vijayan About ADGP MR Ajithkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com