ADVERTISEMENT

ന്യൂഡല്‍ഹി∙ ന്യൂസീലന്‍ഡിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രഫഷനലുകള്‍ വിസിറ്റിങ് വീസയില്‍ അനധികൃതമായി ന്യൂസീലന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രതാ നിർദേശം.

  • Also Read

വിസിറ്റിങ് വീസയ്ക്കായി ഉദ്യോഗാർഥികളില്‍നിന്ന് ഏജന്റുമാർ വലിയ തുക വാങ്ങുന്നുണ്ട്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും, നഴ്‌സിങ് കൗണ്‍സില്‍ റജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലൻഡ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മിഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്. 

കോവിഡിനെ തുടര്‍ന്ന് ന്യൂസീലൻഡില്‍ ഉണ്ടായിരുന്ന നഴ്‌സിങ് ക്ഷാമം ഇന്ത്യയില്‍നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്‌സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. ന്യൂസീലന്‍ഡിലെ നഴ്‌സിങ് മേഖലയിലെ വീസയുടെ ആധികാരികതയെ കുറിച്ചും തൊഴിലുടമയെ കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും.

റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ട്ടല്‍ സന്ദര്‍ശിക്കണം. വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.

English Summary:

Illegal nursing recruitment in New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com