ADVERTISEMENT

ഷിരൂർ ∙ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണു മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്കു മടങ്ങുകയാണെന്നും അറിയിച്ച മൽപെ, അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു.

ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. ഡ്രജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും ഷിരൂരിലെത്തിച്ചിരുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണു മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിനുവേണ്ടി തിരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

Read more at: ആഴങ്ങളിൽ 3 മിനിറ്റ് ശ്വാസമില്ലാതെ നീന്തുന്ന രക്ഷകൻ; ഈശ്വർ മൽപെ എന്ന ‘അക്വാമാൻ’...

ഈശ്വർ മൽപെ സ്വതന്ത്ര തിരച്ചിൽ നടത്തുന്നതു സാധ്യല്ലെന്നു കർവാർ എംഎൽഎ കൃഷ്ണ സെയിൽ പറഞ്ഞു. സർക്കാരിന്റെ ഉടമസ്ഥതയുള്ള സ്ഥലത്തു സർക്കാർ സംവിധാനമാണു തിരച്ചിൽ നടത്തേണ്ടത്. ജില്ലാ ഭരണകൂടം പറയുന്നത് അനുസരിച്ച് തിരച്ചിൽ നടത്താൻ കഴിയുമെങ്കിൽ മാത്രം മൽപെയ്ക്കു തിരികെ വരാം. അദ്ദേഹത്തിനു തിരച്ചിലിന് കൂലി വേണമെന്നു പറഞ്ഞാൽ അതും നൽകാൻ തയാറാണ്. എന്നാൽ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് ന്യായമല്ല. ഷിരൂരിൽ തിരച്ചിലിനായി മേജർ ജനറൽ ഇന്ദ്രപാലൻ നാളെ എത്തും. മാഗ്നറ്റിക് പരിശോധന നടത്തുമെന്നും എംഎൽഎ പറഞ്ഞു.

ജില്ലാ ഭരണകൂടം ഔദ്യോഗികമായി അനുമതിക്കത്ത് നൽകിയാൽ തിരികെയെത്തി തിരച്ചിൽ തുടരുമെന്നു മൽപെ വ്യക്തമാക്കി. കുടുംബത്തെ വിട്ടാണ് രാവുംപകലും ഇത്ര നാൾ ഷിരൂരിൽ തിരച്ചിൽ നടത്തിയത്. ആരോടും തർക്കത്തിനു സമയമില്ലെന്നും മൽപെ പറഞ്ഞു.

English Summary:

Shirur Search for Arjuna Called Off by Malpe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com