സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖല ക്വാഡ് ഉച്ചകോടിയുടെ ലക്ഷ്യം: പ്രധാനമന്ത്രി
Mail This Article
വാഷിങ്ടൻ ∙ സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമ്പന്നവുമായ ഇന്തോ-പസഫിക് മേഖലയാണ് ക്വാഡ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ക്വാഡ് ചതുർരാഷ്ട്ര കൂട്ടായ്മ ആരെയും എതിർക്കാൻ ലക്ഷ്യമിട്ടുള്ളതല്ല, നിയമവിധേയമായ ഒരു രാജ്യാന്തര വ്യവസ്ഥയ്ക്കും പരമാധികാരത്തെ മാനിക്കുന്നതിനുമാണ്’ – വിൽമിങ്ടനിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന് ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ സ്വന്തം നാട്ടിൽ ആതിഥ്യമരുളിയതും ഉഭയകക്ഷി ചർച്ചകൾ നടത്തിയതും പ്രാധാന്യമർഹിക്കുന്നതാണ് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രതികരിച്ചു.
ക്വാഡ് ഉച്ചകോടി ഇത്തവണ ഇന്ത്യയിലാണ് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന്റെ നാടായ വിൽമിങ്ടനിലേക്കു മാറ്റുകയായിരുന്നു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രിപദം ഒഴിയുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കും ജനുവരിയിൽ യുഎസ് പ്രസിഡന്റ് പദവിയിൽ നിന്ന് ഒഴിയുന്ന ജോ ബൈഡനും ഇത് വിടവാങ്ങൽ ഉച്ചകോടിയാണ്.