ADVERTISEMENT

ന്യൂഡൽഹി∙ അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി പദത്തിൽനിന്നു രാജിവച്ചൊഴിഞ്ഞതെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ. എഎപിയെ തകർക്കുന്നതിനായി നേതാക്കളെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

‘‘അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് ഞാൻ രാജിവച്ചത്. ഞാനാകെ സ്വീകരിച്ചിട്ടുള്ളത് ബഹുമാനമാണ്, പണമല്ല. കഴിഞ്ഞ പത്തു വർഷമായി സത്യസന്ധമായി ഭരണം നടത്തിവരികയാണ്. വൈദ്യുതിയും വെള്ളവും സൗജന്യമായി നൽകി. ജനങ്ങൾക്കുളള ചികിത്സ സൗജന്യമാക്കി. വിദ്യാഭ്യാസം മെച്ചപ്പെട്ടതാക്കി. ഞങ്ങൾക്കെതിരെ വിജയിക്കണമെങ്കിൽ ഞങ്ങളുടെ സത്യസന്ധതയ്ക്കെതിരെ ആക്രമണം നടത്തണമെന്ന് മോദി മനസ്സിലാക്കി. കേജ്‌രിവാളും സിസോദിയയും എഎപിയും സത്യസന്ധരല്ലെന്ന് വരുത്തിത്തീർക്കാനും നേതാക്കളെ ജയിലിൽ അടയ്ക്കാനും അദ്ദേഹം ഗൂഢാലോചന നടത്തി.’’–അദ്ദേഹം ആരോപിച്ചു. 

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലായ കേജ്‌രിവാൾ ഈ മാസം ആദ്യമാണ് രാജിവയ്ക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവേശിക്കുന്നതിന് സുപ്രീം കോടതി അനുവാദം നൽകിയിരുന്നില്ല. തുടർന്ന് കേജ്‌രിവാൾ രാജിവയ്ക്കുകയും അതിഷി പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.  

‘‘നേതാക്കന്മാർക്ക് നല്ല തൊലിക്കട്ടിയാണ്. അഴിമതി ആരോപണങ്ങൾ അവരെ ബാധിക്കില്ല. ഞാൻ നേതാവല്ല, അതിനാൽ എന്നെ അതു ബാധിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ വസതി ഞാൻ ഒഴിയും. എനിക്ക് ഒരു വീടു പോലുമില്ല. പത്തുവർഷം കൊണ്ട് ഞാനാകെ സമ്പാദിച്ചത് ജനങ്ങളുടെ സ്നേഹമാണ്. അതുകൊണ്ടാണ് എന്റെ വീട് സ്വീകരിക്കൂ എന്നുപറഞ്ഞ് നിരവധി പേർ എന്നെ വിളിക്കുന്നത്. നവരാത്രി ആരംഭിക്കുന്നതോടെ മുഖ്യമന്ത്രി വസതി വിടുന്ന ഞാൻ നിങ്ങളിലൊരാളുടെ വീട്ടിൽ താമസിക്കാനെത്തും.’’–കേജ്‌രിവാൾ പറഞ്ഞു.

മുഖ്യമന്ത്രി ഓഫിസിൽ പ്രവേശിക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാലാണ് കേജ്‌രിവാൾ രാജിവച്ചതെന്നാണ് ബിജെപി പറയുന്നത്.

English Summary:

'Will come and stay in your home...': Arvind Kejriwal addresses 'Janta ki Adalat' in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com