‘മുഖ്യമന്ത്രി അറിഞ്ഞിട്ട് എന്തു കൊണ്ട് നടപടിയെടുത്തില്ല; ഒറ്റ ഫോൺ വിളിക്ക് കമ്മിഷണർ അനുസരിക്കില്ലേ?’
Mail This Article
കൊച്ചി∙ തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശൂർപൂരം അലങ്കോലമാക്കിയതിന് എതിരെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും 24ന് കോൺഗ്രസ് പ്രതിഷേധം നടത്തും. 28ന് തേക്കിൻകാട് മൈതാനത്ത് വലിയ പ്രതിഷേധ സമ്മേളനം നടത്തും. യുഡിഎഫ് യോഗം ചേർന്ന് ഭാവി സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
‘‘എഡിജിപി എം.ആർ.അജിത് കുമാർ സമർപിച്ച റിപ്പോർട്ടിൽ അസ്വഭാവികതയുണ്ട്. ആരോപണ വിധേയനായ ആളാണ് റിപ്പോർട്ട് നൽകിയത്. മുൻപ് സർക്കാർ പറഞ്ഞത് കമ്മിഷണറാണ് പൂരത്തിൽ കുഴപ്പമുണ്ടാക്കിയത് എന്നാണ്. കമ്മിഷണറെ മാറ്റി. എഡിജിപി തൃശൂർ പൂരം നടക്കുന്ന സമയം അവിടെ ഉണ്ടായിരുന്നു. കമ്മിഷണർ കുഴപ്പമുണ്ടാക്കിയാൽ അതിനു മുകളിലുള്ള ഉദ്യോഗസ്ഥൻ നോക്കിയിരിക്കുമോ? അതിനു മുകളിലുള്ള മുഖ്യമന്ത്രി നോക്കിയിരിക്കുമോ? രാവിലെ 11 മുതൽ പിറ്റേന്ന് 7വരെ പൂരപ്പറമ്പിൽ കുഴപ്പം നടന്നു. മുഖ്യമന്ത്രി അറിഞ്ഞിട്ട് എന്തു കൊണ്ട് നടപടിയെടുത്തില്ല. ഒറ്റ ഫോൺ വിളിക്ക് കമ്മിഷണർ അനുസരിക്കില്ലേ? അല്ലെങ്കിൽ എഡിജിപി അവിടെ ചെന്ന് കമ്മിഷണറെ നിയന്ത്രിക്കില്ലേ’’–വി.ഡി.സതീശൻ ചോദിച്ചു.
അനൗദ്യോഗികമായിട്ടാണെങ്കിൽ എഡിജിപി എന്തിനാണ് തൃശൂരിൽ പോയത്. അനൗദ്യോഗിക സന്ദർശനമാണെങ്കിലും വിഷയത്തിൽ ഇടപെടാം. പൂരം കലക്കാനുള്ള മാസ്റ്റർ പ്ലാനാണ് തൃശൂരിൽ നടന്നത്. എന്നിട്ട് പൂരം കലക്കിയ ആൾ വിവാദം അന്വേഷിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ തരാനുള്ള റിപ്പോർട്ട് എഡിജിപി 5 മാസം താമസിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടില്ല. വിവാദമായപ്പോഴാണ് തട്ടിക്കൂട്ട് റിപ്പോർട്ട് കൊടുത്തത്. ആരോപണ വിധേയൻ ഇന്നലെ തട്ടിക്കൂട്ടി കൊടുത്ത റിപ്പോർട്ടിന് സ്വാഭാവികതയില്ല. പൂരം കലക്കി, ബിജെപി വികാരം ഉണ്ടാക്കി അവരെ വിജയിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ബിജെപി–സിപിഎം ബന്ധം തൃശൂരിലുണ്ടായതായും വി.ഡി.സതീശൻ പറഞ്ഞു.