ADVERTISEMENT

മുഖ്യമന്ത്രിക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പി.വി.അൻവർ എംഎൽഎയെ തള്ളിപ്പറഞ്ഞതും ശ്രീലങ്കയിൽ ഇടതുനേതാവ് അനുര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. ഷിരൂരിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിലിൽനിന്ന് പിന്മാറുന്നുവെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പ്രഖ്യാപിച്ചതും വാർത്തകളിൽ നിറഞ്ഞു. 

പി.വി.അൻവർ മാധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണങ്ങൾ ശത്രുക്കൾക്ക് പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള ആയുധമാകുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചത്. അതേസമയം അൻവറിനെ ലീഗിലേക്ക് ക്ഷണിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട മുസ്‌ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരി വിവാദത്തിലായി. നാടിന്റെ നന്മയ്ക്കായി ഒന്നിച്ചുപോരാടാമെന്നായിരുന്നു ഇഖ്ബാലിന്റെ വാക്കുകൾ. അൻവറിനെതിരെയുള്ള സിപിഎമ്മിന്റെ പ്രസ്താവനയ്ക്കെതിരെ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇടതു പ്രൊഫൈലുകൾ രംഗത്തെത്തി. പ്രസ്താവന പങ്കുവച്ച പാർട്ടി നേതാക്കളുടെ പോസ്റ്റുകൾക്കു താഴെ അൻവറിനെ അനുകൂലിച്ച കമന്റുകൾ നിറഞ്ഞു.

ശ്രീലങ്കയിൽ ഇടതുപാർട്ടി സഖ്യമായ നാഷനൽ പീപ്പിൾസ് പവറിന്റെ നേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി ആദ്യഘട്ടത്തിൽ ആർക്കും കേവലഭൂരിപക്ഷം കടക്കാനാകാത്തതോടെ രണ്ടാംഘട്ട വോട്ടെണ്ണലിലേക്ക് കടന്നെന്ന അപൂർവതയ്ക്കും ശ്രീലങ്ക സാക്ഷ്യം വഹിച്ചു.

ഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മൽപെ മടങ്ങി. ജില്ലാ ഭരണകൂടവും പൊലീസും സഹകരിക്കുന്നില്ലെന്ന് മൽപെ പറഞ്ഞു. അർജുന്റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com