ADVERTISEMENT

കോട്ടയം∙ പി.വി.അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയതിനു പിന്നാലെ, അൻവറിന് നൽകിയ പിന്തുണയിൽ മാറ്റമില്ലെന്നും എഡിജിപി എം.ആർ.അജിത്‌കുമാറിനെ അന്വേഷണ വിധേയമായി മാറ്റണമെന്നും ആവശ്യപ്പെട്ട് സിപിഎം നേതാവും കായംകുളം എംഎൽഎയുമായ യു.പ്രതിഭ. അജിത് കുമാറിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നേരത്തേയും പ്രതിഭ പിന്തുണ നൽകിയിരുന്നു. ഇപ്പോൾ പാർട്ടി അൻവറിനെ തള്ളിയിട്ടും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്ന് ‘മനോരമ ഓൺലൈനിനോട്’ പ്രതിഭ വ്യക്തമാക്കി.

അൻവറിനെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനു പ്രതിഭയുടെ മറുപടി ഇങ്ങനെ: ‘‘പിന്തുണ അങ്ങനെ മാറ്റേണ്ട ഒന്നല്ലല്ലോ. ആജീവനാന്ത പിന്തുണയാണ് അൻ‌വറിനു നൽകിയത്. ഈ വിഷയത്തിൽ അദ്ദേഹത്തെ ആദ്യം മുതൽ പിന്തുണയ്ക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിനു നൽകുന്ന പിന്തുണ ആജീവനാന്തമാണ്.

അൻവറിന്റെ നിരീക്ഷണങ്ങൾ കൃത്യമാണ്. എന്റെ പിന്തുണ തേടുന്നയാളല്ല അദ്ദേഹം. ഒരു വ്യക്തി സർവീസിൽ ഇരിക്കുന്ന കാലത്ത് ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നെങ്കിൽ അയാൾ‌ ശിക്ഷിക്കപ്പെടുക തന്നെ വേണം. എഡിജിപിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിന്റെ ധൈര്യത്തിന് പിന്തുണ നൽകേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു. അതേ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്’’ – പ്രതിഭ പറഞ്ഞു.

‘‘അൻവർ ഉന്നയിക്കുന്ന വിഷയമാണ് പരിശോധിക്കപ്പെടേണ്ടത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പ്രധാനപ്പെട്ടതാണ്. സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. അൻവറിന് സിപിഎമ്മിൽ ആരോടും പക തീർക്കേണ്ട കാര്യമില്ല. അൻവറിനെ ഒറ്റപ്പെടുത്തിയാൽ ഇനി ആരും ഇതുപോലുള്ള കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെടില്ല. അത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇനിയുള്ളവരും സത്യം വിളിച്ചുപറയാൻ ധൈര്യത്തോടെ മുന്നോട്ടുവരണം.

പൊലീസ് തലപ്പത്തുവള്ളവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യരുത്. അനധികൃതമായി ആര് സ്വത്ത് സമ്പാദിച്ചാലും തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കുമ്പോൾ വളരെ വേഗത്തിലാണ് ഇടപെടൽ നടത്തിയിട്ടുള്ളത്. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ലഘുവായി കാണാൻ പാടില്ല. സർവീസിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കമുണ്ട്. ഉദ്യോഗം വലിച്ചെറിഞ്ഞിട്ട് എന്തും പറയാം, പ്രവർത്തിക്കാം. സുരേഷ് ഗോപി സിനിമ ഡയലോഗ് അടിക്കുന്നതു പോലെയല്ല ജീവിതം. ജനപ്രതിനിധികളായാലും സത്യസന്ധമായി മനുഷ്യർക്കു വേണ്ടിയാണ് പണിയെടുക്കേണ്ടത്’’– പ്രതിഭ വ്യക്തമാക്കി.

English Summary:

U Pratibha supports P V Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com