ആദ്യം അടിച്ചുവീഴ്ത്തി, പിന്നെ അഭ്യർഥന: ഒരിക്കൽ സിപിഎം ആഘോഷിച്ച അൻവർ നാളെ തിരിച്ചുകൊത്തുമോ?
Mail This Article
തിരുവനന്തപുരം∙ തന്റെ വിശ്വസ്തരെയും ഓഫിസിനെയും നിരന്തരം ആക്രമിക്കുന്ന പി.വി.അന്‍വറിനെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അടിച്ചുവീഴ്ത്തിയതു കണ്ട് ആവേശം കൊണ്ട അണികള്‍, തൊട്ടുപിന്നാലെ പാര്‍ട്ടി നേതൃത്വം അന്‍വറിനു മുന്നില്‍ അഭ്യര്‍ഥിച്ചു നില്‍ക്കുന്നത് കണ്ട് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിക്കു തീര്‍ത്തും പരിചിതമല്ലാത്തതാണ് അഭ്യര്‍ഥനയുടെ ഭാഷ. പാര്‍ട്ടിക്കു ദോഷമാകുന്ന വിഷയങ്ങള്‍ അതിശക്തമായ നടപടി സ്വീകരിക്കുന്ന ചരിത്രം ശീലമുള്ള പ്രവര്‍ത്തകര്‍ക്ക് അഭ്യര്‍ഥനയുടെ പുത്തന്‍ അടവുനയം തെല്ലും ദഹിക്കുന്നതല്ല.
തുടക്കത്തില്‍ അന്‍വറിന്റെ വാക്കുകള്‍ ഗൗരവമുള്ളതാണെന്നു പറഞ്ഞ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് പിണറായി വിജയന്റെ കടുംപിടിത്തത്തിനു മുന്നില്‍ തീര്‍ത്തും ദുര്‍ബലമാകുന്നതിന്റെ സൂചനയാണ് അഭ്യര്‍ഥനയില്‍ എത്തിച്ചിരിക്കുന്നതെന്നാണു വിലയിരുത്തല്‍. സര്‍ക്കാരിലും പാര്‍ട്ടിയിലും തന്റെ വാക്കിന് എതിര്‍വാക്ക് പാടില്ലെന്ന പിണറായി വിജയന്റെ കാര്‍ക്കശ്യത്തിനും അന്‍വറിനെ പിണക്കുന്നത് മലബാറില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിനും ഇടയില്‍ കടുത്ത ധര്‍മസങ്കടത്തിലാണ് സിപിഎം നേതൃത്വം.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ അന്‍വര്‍ വിഷയം ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്ന പാര്‍ട്ടിയുടെ ആശയക്കുഴപ്പം പ്രവര്‍ത്തകരെയും സമ്മർദത്തിലാക്കിയിരിക്കുകയാണ്. ഇ.പി.ജയരാജനെ പോലെ ശക്തനായ നേതാവിനെ പോലും ഒതുക്കാന്‍ മടികാട്ടാത്ത പാര്‍ട്ടി ഒരു സ്വതന്ത്ര എംഎല്‍എയോട് അടങ്ങിയിരിക്കാന്‍ അഭ്യര്‍ഥിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് പാര്‍ട്ടി അണികളും ഒരു വിഭാഗം നേതാക്കളും അടക്കം പറയുന്നത്. അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സഖാക്കള്‍ അതേപടി തള്ളിക്കളയുന്നില്ലെന്നും അവരുടെ മനസില്‍ വീണ സംശയങ്ങളുടെ വിത്ത് വേരുപിടിക്കുന്നത് അപകടമാണെന്ന തിരിച്ചറിവുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അഭ്യര്‍ഥനയ്ക്കു കാരണമായി വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും പ്രതിഭാ ഹരി എംഎല്‍എ, അന്‍വറിനു ആജീവനാന്ത പിന്തുണ നല്‍കിയത് പാര്‍ട്ടിയില്‍ കൂടുതല്‍ സമാന മനസ്കരുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. സാധാരണ പാര്‍ട്ടി തള്ളിപ്പറഞ്ഞ ഒരാള്‍ക്കെതിരെ സൈബര്‍ ലോകത്തുണ്ടാകുന്ന പ്രതികരണമല്ല അന്‍വറിന് ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയോടു സമൂഹമാധ്യമത്തില്‍ അന്‍വറിന് അനുകൂലമായാണ് ഏറെ സൈബര്‍ സഖാക്കളും നിലപാട് വ്യക്തമാക്കിയിരിക്കുന്നത് എന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. സിപിഎമ്മിന്റെ 'സൈബര്‍ കടന്നല്' എന്നു വരെ അന്‍വര്‍ ഒരുഘട്ടത്തില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അതേ കടന്നല് തന്നെ തിരിച്ചുകൊത്തുമോ എന്ന ആശങ്കയാണ് പാര്‍ട്ടിയുടെ മുന്നിലുള്ളത്.
എന്തായാലും സിപിഎം പോലെ കരുത്തുറ്റ പാര്‍ട്ടിയുടെ അഭ്യര്‍ഥന മുഖവിലയ്ക്കെടുത്ത അന്‍വര്‍ തല്‍ക്കാലത്തേക്ക് എങ്കിലും അടങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന് വലിയ ആശ്വാസമായി. മുഖ്യമന്ത്രി പിണറായി വിജയന് മൂന്നുവട്ടം പറഞ്ഞിട്ടും വാ അടയ്ക്കാന്‍ കൂട്ടാക്കാതെ തുടരെ ആരോപണശരങ്ങള്‍ എയ്തുവിട്ട അന്‍വര്‍ പാര്‍ട്ടിയുടെ അഭ്യര്‍ഥന തള്ളിയിരുന്നെങ്കില്‍ പൊതുസമൂഹത്തിനു മുന്നില്‍ സിപിഎം വല്ലാതെ അവഹേളിക്കപ്പെടുമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അന്‍വര്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോഴും മിണ്ടാതിരുന്ന സിപിഎം നേതൃത്വത്തിന് പക്ഷേ മുഖ്യമന്ത്രി പരസ്യമായി വാളെടുത്തതോടെ അടങ്ങിയിരിക്കാന്‍ കഴിയാത്ത അവസ്ഥയാകുകയായിരുന്നു. അന്‍വറിന്റെ നിലപാടുകള്‍ തള്ളിക്കളഞ്ഞെങ്കിലും കൂടുതല്‍ പ്രകോപിപ്പിക്കാത്ത തരത്തില്‍ മയമുള്ള വാക്കുകളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഉപയോഗിച്ചത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍നിന്ന് പിന്തിരിയണമെന്ന് അന്‍വറിനോട് അഭ്യര്‍ഥിച്ചാണ് പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ എപ്പോഴും ഉപയോഗിച്ചുപോന്ന അന്‍വര്‍ എന്ന ആയുധം തങ്ങളെ തന്നെ ദഹിപ്പിക്കാതെ ഏതു വിധത്തില്‍ നിര്വീര്യമാക്കണമെന്നാലോചിച്ച് വരുംദിവസങ്ങളിലും നേതൃതത്തിനു തല പുകയ്ക്കേണ്ടിവരും.
വി.ഡി.സതീശനും രാഹുല്‍ ഗാന്ധിക്കും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഓണ്‍ലൈന്‍ ചാനലിനെയും കടന്നാക്രമിച്ചപ്പോള്‍ അന്‍വറിന്റെ ആഘോഷിച്ച സിപിഎം ആണ് ഇപ്പോള്‍ കയ്ച്ചിട്ട് ഇറക്കാന്‍ കഴിയാതെ അമ്പരന്നു നില്‍ക്കുന്നത്. വിശ്വസ്തരെ സംരക്ഷിക്കാന്‍ പരോക്ഷമായി സ്വര്‍ണക്കള്ളക്കടത്തും ഗവര്‍ണറുടെ ഫോണ്‍ ചോര്‍ത്തല്‍ പരിശോധനാ നിര്‍ദേശവും ഉള്‍പ്പെടെ വിളിച്ചു പറഞ്ഞ മുഖ്യമന്ത്രിയെ ചിത്രത്തില്‍നിന്ന് ഒഴിവാക്കാന്‍ മടികാണിക്കാതിരുന്ന അന്‍വര്‍ എത്രനാള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആശ്വാസത്തിന്റെ ആയുസ്.