ADVERTISEMENT

ന്യൂഡൽഹി ∙ കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങളുള്ള വിഡിയോ മൊബൈലിൽ സൂക്ഷിക്കുന്നതു കുറ്റകരമാകുമെന്ന് സുപ്രീം കോടതി. പോക്സോ നിയമപ്രകാരം കുറ്റം ചുമത്താവുന്ന കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിലയിരുത്തൽ. അത്തരം ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനോ പ്രചരിപ്പിക്കാനോ കൈമാറാനോ വിതരണം ചെയ്യാനോ ഉദ്ദേശിച്ചല്ലെങ്കിൽ കുറ്റമാകില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

അത്തരം വിഡിയോകൾ ഡിലീറ്റ് ചെയ്യുകയോ അതേക്കുറിച്ചു റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ലെങ്കിൽ കൈമാറ്റം ചെയ്യാനുള്ള ഉദ്ദേശ്യമുണ്ടെന്ന് വ്യാഖ്യാനമുണ്ടാകാമെന്നു കോടതി നിരീക്ഷിച്ചു. കേസിൽ മദ്രാസ് ഹൈക്കോടതിക്ക് ഗുരുതര പിഴവുണ്ടായെന്ന് ബെഞ്ച് നിരീക്ഷിച്ചു. അത്തരമൊരു വിഡിയോ ഡിലീറ്റ് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാത്തത് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തിയ കോടതി, വിഡിയോ കണ്ടെത്തിയതിനെതിരെ പോക്സോ നിയമപ്രകാരം ക്രിമിനൽ നടപടി പുനഃസ്ഥാപിച്ചു.

ഓരോ കേസിലെയും സാഹചര്യം കൂടി കണക്കിലെടുത്താണ് ഉദ്ദേശ്യശുദ്ധി വിലയിരുത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വിഡിയോകൾ ഡിലീറ്റ് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാത്തതു പോക്സോ നിയമത്തിലെ 15(1) വകുപ്പു പ്രകാരം കുറ്റകരമാണ്. അത്തരം വിഡിയോ കൈവശം വയ്ക്കുന്നതിൽനിന്നു കൈമാറ്റം ചെയ്യാനുള്ള ഉദ്ദേശ്യം വ്യക്തമാണെന്നും കോടതി പറഞ്ഞു. കേസിന്റെ ഭാഗമായി എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോഴും ഫോണിൽ വിഡിയോ ഉണ്ടായിരിക്കണമെന്ന് അർഥമില്ലെന്നും അതിനു തൊട്ടു മുൻപ് അതു ഡിലീറ്റ് ചെയ്തുവെന്നതു കൊണ്ട് കേസ് ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതിയുടേതിനു സമാനമായ വിധി കേരള ഹൈക്കോടതിയും നേരത്തേ പുറപ്പെടുവിച്ചിരുന്നു. അതിനെതിരായ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലെ തീർപ്പു കൂടി വന്ന ശേഷം ഇതു പരിഗണിക്കാമെന്നാണ് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. 

കുട്ടികളുടെ അശ്ലീലചിത്രം എന്ന പ്രയോഗത്തിനു പകരം കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന വസ്തുക്കൾ എന്ന് മാറ്റാനും ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനും നിർദേശമുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെയും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെയും ബഞ്ചാണ് ഹർജി പരിഗണിച്ചത്. കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചാൽ മാത്രമേ കുറ്റമാകൂ എന്ന് ജനുവരിയിൽ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒയാണ് കോടതിയെ സമീപിച്ചത്. നാഴിക്കല്ലാകുന്ന വിധിയാണിതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 

English Summary:

Supreme Court: Viewing Child Pornography is a Crime, POCSO Act Applies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com