ലബനനിൽ ഇസ്രയേൽ ആക്രമണം കൂടുതൽ മേഖലകളിലേക്ക്, മരണം 492; തെക്കൻ ലബനനിൽനിന്ന് കൂട്ടപ്പലായനം
Mail This Article
ബെയ്റൂട്ട് ∙ പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഒറ്റദിവസം തെക്കൻ ലബനനിൽ 492 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയ്ക്കു പുറമേ ഇസ്രയേൽ യുദ്ധം ലബനനിലേക്കുകൂടി വ്യാപിക്കുമോ എന്ന ആശങ്കയിലായി ലോകം. പടിഞ്ഞാറൻ മേഖലയിലെ ലബായയിലും യഹ്മോറിലും കിഴക്കൻ അതിർത്തിയിലെ ബെക്കാ താഴ്‌വരയിലും ഒറ്റപ്പെട്ട ആക്രമണമുണ്ടായി.
ഇന്നലെ പുലർച്ചെ ആരംഭിച്ച ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1645 പേർക്കു പരുക്കേറ്റു. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ഗലീലിയിലെ ഇസ്രയേൽ സൈനികപോസ്റ്റുകൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു.
ലബനനിൽ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കൻ ലബനനിൽനിന്ന് ആളുകൾ കൂട്ടത്തോടെ പലായനം തുടങ്ങിയതോടെ തെക്കൻ തുറമുഖനഗരമായ സിദോനിൽ ജനജീവിതം സ്തംഭിച്ചു. 2006 ലെ ഇസ്രയേൽ ആക്രമണത്തിനു ശേഷമുള്ള പലായനത്തിനു സമാനമാണു സ്ഥിതി.
ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിലും സിറിയയിലും വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സ്ഫോടനങ്ങളിൽ മൂവായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ചതിനുപിന്നാലെ വോക്കിടോക്കികളിലും സോളർ ബാറ്ററികളിലും കാർ ബാറ്ററികളിലും സ്ഫോടനമുണ്ടായി.
സ്ഥലംവിടാൻ മന്ത്രിയോട് ഇസ്രയേൽ
ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിന്റെ വിഡിയോ സന്ദേശം പ്രചരിക്കുന്നുണ്ട്. ഹിസ്ബുല്ല കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു തദ്ദേശവാസികൾക്ക് ഇസ്രയേലിന്റെ ഫോൺസന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ലബനൻ വിവരാവകാശ മന്ത്രി സിയാദ് മകാരി അടക്കം 80,000 പേർക്ക് ഇങ്ങനെ സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്.