സംസ്ഥാനത്ത് 5 ദിവസം മഴ കനക്കും: 9 ജില്ലകളിൽ യെലോ അലർട്ട്
Mail This Article
തിരുവനന്തപുര∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച (23-9-2024) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച (23-9-2024) കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. മധ്യ ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ ലഭിക്കുക. കാലവർഷം പിൻവാങ്ങൽ ആരംഭിച്ചതായും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. രാജസ്ഥാൻ, കച്ച് മേഖലയിൽ നിന്ന് കാലവർഷം പിൻവാങ്ങി. സാധാരണയിൽനിന്ന് 6 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്.
രാജസ്ഥാനു മുകളിൽ രൂപപ്പെട്ട അതിമർദ മേഖല, തുടർച്ചയായി 5 ദിവസം മഴ ഇല്ലാതിരിക്കുക എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കാലവർഷം പിൻവാങ്ങിയതായി കാലാസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് മേഖലയിൽനിന്നും കാലവർഷം പിൻവാങ്ങാൻ സാധ്യതയുണ്ട്.