പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമം; നഴ്സറി വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതി വെടിയേറ്റു മരിച്ചു
Mail This Article
മുംബൈ∙ താനെയ്ക്ക് സമീപം ബദ്‌ലാപുരില്‍ രണ്ടു നഴ്സറി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെ (24) പൊലീസിന്റെ വെടിയേറ്റു മരിച്ചു. കസ്റ്റഡിയിൽനിന്ന് രക്ഷപ്പടാനായി പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച ഇയാളെ, പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. രക്ഷപ്പെടാനായി ഷിൻഡെ പൊലീസിനു നേർക്ക് വെടിയുതിർത്തു.
മറ്റൊരു കേസിൽ പ്രതിയായ അക്ഷയ് ഷിൻഡെയെ, താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകീട്ട് തലോജ ജയിലിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അന്വേഷണത്തിനായി താനെയിലേക്കു കൊണ്ടുപോകുന്നതിനിടെ മുമ്പ്ര ബൈപാസിനു സമീപം ഷിൻഡെ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ റിവോൾവർ തട്ടിയെടുക്കുകയായിരുന്നു. ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ മൂന്നു റൗണ്ട് വെടിയുതിർത്തു. ഇതോടെയാണ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ഷിൻഡെയെ വെടിവച്ചത്. വെടിവയ്പ്പിനിടെ പൊലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റു.
ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളിൽ നിയമിച്ചത്. ശുചിമുറിയിൽ വച്ച് ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെൺകുട്ടികളിലൊരാൾ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയിൽ പോയപ്പോൾ ഷിൻഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും കുട്ടികൾ വെളിപ്പെടുത്തിയിരുന്നു. മകൾക്ക് സ്‌കൂളിൽ പോകാൻ ഭയമാണെന്ന് പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ കുടുംബം തുറന്നുപറയുകയും ചെയ്തതോടെയാണ് രണ്ടു കുട്ടികളും നേരിട്ട ദുരനുഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ രണ്ട് പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു.