'എൻഡിഎ നാലാം തവണയും അധികാരത്തിൽ എത്തുമെന്ന് ഉറപ്പില്ല': കേന്ദ്ര സഹമന്ത്രിയെ പരിഹസിച്ച് നിതിൻ ഗഡ്കരി
Mail This Article
നാഗ്പുർ∙ എൻഡിഎ സർക്കാർ തന്നെ കേന്ദ്രത്തിൽ നാലാമതും അധികാരത്തിൽ എത്തുമെന്ന് ഉറപ്പില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മാറി മാറി വരുന്ന എൻഡിഎ സർക്കാരുകളിൽ കാബിനറ്റ് മന്ത്രിയായി തുടരാനുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അത്താവലെയുടെ കഴിവിനെ പരിഹസിക്കുന്നതിനിടെയാണ് നിതിൻ ഗഡ്കരിയുടെ പരാമർശം. നാഗ്പൂരിലെ പൊതുസമ്മേളനത്തിൽ വച്ചായിരുന്നു സംഭവം.
‘‘സർക്കാരുകൾ മാറിയിട്ടും തന്റെ ക്യാബിനറ്റ് പദവിയിൽ പിടിച്ചുനിൽക്കാൻ കഴിവുള്ളയാളാണ് അത്താവലെ. നാലാം തവണയും എൻഡിഎ അധികാരത്തിൽ വരുമെന്ന് ഉറപ്പില്ല. വന്നില്ലെങ്കിലും അത്താവലെ മന്ത്രിയായി തുടരും.’’– നിതിൻ ഗഡ്കരി പറഞ്ഞു. രാംദാസ് അത്താവലെയെ സ്റ്റേജിൽ ഇരുത്തിയായിരുന്നു ഗഡ്കരിയുടെ പരാമർശം. തമാശയ്ക്കു വേണ്ടിയാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും ഗഡ്കരി പിന്നീട് പറഞ്ഞു.
വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ആർപിഐയ്ക്ക് മഹായുതി സഖ്യത്തിന്റെ ഭാഗമായി 12 സീറ്റുകളിലെങ്കിലും വേണമെന്നായിരുന്നു രാംദാസ് അത്താവലെയുടെ ആവശ്യം. എന്നാൽ അജിത് പവാറിന്റെ എൻസിപി കൂടി സഖ്യത്തിന്റെ ഭാഗമായതോടെ ആർപിഐയ്ക്ക് ഇത്തവണ സീറ്റ് വിഹിതം കുറയാനാണ് സാധ്യത. ഇതിനിടെയാണ് അത്താവലെയെ പരിഹസിച്ച് മഹാരാഷ്ട്ര ബിജെപിയിലെ മുതിർന്ന നേതാവായ നിതിൻ ഗഡ്കരി രംഗത്തെത്തിയിരിക്കുന്നത്.