‘ആയുർവേദത്തിന് ശ്രീലങ്കയിലെ സാധ്യത ചർച്ച ചെയ്തു’; ദിസനായകെയുമായുള്ള ഓർമകൾ പങ്കുവച്ച് മന്ത്രി പി.രാജീവ്
Mail This Article
തിരുവനന്തപുരം∙ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് മുതിർന്ന സിപിഐ(എം) നേതാവും വ്യവസായവകുപ്പ് മന്ത്രിയുമായ പി രാജീവ്. ഫെബ്രുവരിയിൽ ശ്രീലങ്കൻ നേതാവ് കേരളത്തിലെത്തിയപ്പോൾ തന്റെ ഓഫിസിൽ എത്തിയിരുന്നെന്ന് ദിസനായകെയ്‌ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് പി.രാജീവ് പറഞ്ഞു. സന്ദർശന വേളയിൽ കേരളവും ശ്രീലങ്കയും തമ്മിലുള്ള വ്യാവസായിക സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ –
‘‘ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർടി നേതാവ് ശ്രീ. അനുര കുമാര ദിസനായകെയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം കേരളത്തിലെത്തിയപ്പോൾ ഞങ്ങളുടെ ഓഫീസിലും വന്നിരുന്നു. കേരളവും ശ്രീലങ്കയും തമ്മിൽ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകൾ തുറന്നിടുന്ന ചർച്ചകൾ അന്ന് നടന്നു. ഇതിൻ്റെ ഭാഗമായി ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. കേരളത്തിൻ്റെ സ്വന്തം ആയുർവേദത്തിന് ശ്രീലങ്കയിൽ വലിയ സാധ്യതയാണുള്ളതെന്നും അന്ന് അദ്ദേഹം സൂചിപ്പിപ്പിരുന്നു. ഈ ഘട്ടത്തിൽ സൗഹാർദ്ദപരമായ തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.’’