ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധനാ സൗകര്യമൊരുക്കി.

ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനയ്ക്ക് സൗകര്യങ്ങളൊരുക്കും. മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തില്‍ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം.

ഇടവിട്ട മഴ തുടരുന്നതിനാല്‍ പലതരം പകര്‍ച്ചപ്പനികള്‍ തുടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കാണുന്നുണ്ട്. നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടി ഏതു പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണം.

വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവയെ പ്രതിരോധിക്കാന്‍ തിളിപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പ്രാദേശികമായി ഒരു പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്താല്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ കമ്മിറ്റികളിലെ ചര്‍ച്ചകളിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

English Summary:

Instructions for action to be issued as per increase in cases; Updated guidelines to combat Mpox

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com