ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി, ഒഴിഞ്ഞ കെട്ടിടത്തിൽവച്ച് ബലാത്സംഗശ്രമം; രക്ഷകരായി കുരങ്ങിൻകൂട്ടം
Mail This Article
ലക്നൗ∙ ആറുവയസ്സുകാരിയെ ബലാത്സംഗത്തിൽനിന്ന് രക്ഷപ്പെടുത്തിയത് ഒരു കൂട്ടം കുരങ്ങുകളെന്ന് റിപ്പോർട്ട്. യുപിയിലെ ബാഗ്പത്തിൽ ശനിയാഴ്ചയാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീടിനു മുന്നിൽ കളിക്കുകയായിരുന്ന യുകെജി വിദ്യാർഥിനിയുമായി ഒരാൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പെൺകുട്ടിതന്നെയാണ് കുടുംബത്തെ അറിയിച്ചത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് എത്തിച്ചതിനുപിന്നാലെ ഇയാൾ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് ഒരുകൂട്ടം കുരങ്ങുകൾ ഇയാളെ ആക്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ ഇയാൾക്ക് ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടേണ്ടിവന്നു. ആക്രമിക്കാൻ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പിതാവിനെ കൊല്ലുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം അറിയിച്ചു. കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ശനിയാഴ്ച യുപിയിലെ ബല്ലിയയിൽ സദർ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ എട്ടും ഏഴും വയസ്സുള്ള രണ്ടു കുട്ടികൾ ഏഴുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വാർത്തയും പുറത്തുവന്നിരുന്നു. പെൺകുട്ടി താമസിക്കുന്ന സ്ഥലത്തുതന്നെയാണ് ഇവരും താമസിച്ചിരുന്നത്. കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു ആൺകുട്ടികൾ. ഇവിടെവച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. രക്തസ്രാവത്തെത്തുടർന്നാണ് വീട്ടുകാർ സംഭവം അറിഞ്ഞത്.