ADVERTISEMENT

ന്യൂഡൽഹി ∙ കരോൾബാഗിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ മലയാളി ഉൾപ്പെടെ 3 വിദ്യാർഥികൾ മുങ്ങിമരിച്ചതിൽ സ്ഥാപനവും കോർപറേഷനും ഒരുപോലെ കുറ്റക്കാരാണെന്നു ഡൽഹി കോടതി. കേസിൽ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ സിഇഒ അഭിഷേക് ഗുപ്തയ്ക്കും കോ-ഓർഡിനേറ്റർ ദേശ്പാൽ സിങ്ങിനും ഇടക്കാല ജാമ്യം നൽകുന്നതിനിടെയാണ് വിമർശനം.

നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായാണ് കോച്ചിങ് സെന്റർ ഉടമകൾ ബേസ്മെന്റ് പഠനാവശ്യങ്ങൾക്കായി ഉപയോഗിച്ചതെന്ന് സെഷൻസ് ജഡ്ജി അഞ്ജു ബജാജ് ചന്ദനയുടെ ഉത്തരവിലുണ്ട്. എന്നാൽ നിയമ ലംഘനത്തിൽ നടപടിയെടുക്കുന്നതിൽ കോർപറേഷനു വീഴ്ചയുണ്ടായി. മഴവെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടുത്തി റാംപ് നിർമിച്ചപ്പോൾ കോർപറേഷൻ നടപടിയെടുത്തിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും ജാമ്യ ഉത്തരവിലുണ്ട്.

അന്വേഷണം പൂർത്തിയായതും കൂട്ടു പ്രതികൾക്കു ജാമ്യം ലഭിച്ചതും കണക്കിലെടുത്താണ് പ്രതികൾക്ക് ഇടക്കാലം ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതമുള്ള വ്യക്തിഗത ആൾ ജാമ്യത്തിൽ ഡിസംബർ 7 വരെയാണ് ജാമ്യം. നവംബർ 30നു മുൻപ് 2.5 കോടി രൂപ റെഡ് ക്രോസ് സൊസൈറ്റിയിൽ നിക്ഷേപിക്കണമെന്നും സെഷൻസ് ജഡ്ജി അഞ്ജു ബജാജ് ചന്ദന നിർദേശിച്ചു.

ജൂലൈ 28-ന് രാത്രി ഏഴോടെയാണ് ഓൾഡ് രജ‌ീന്ദർ നഗറിലെ റാവൂസ് ഐ.എ.എസ് സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ ഭൂഗർഭ നിലയിൽ പ്രവർത്തിച്ച ലൈബ്രറിയിലേക്ക് അഴുക്കുവെള്ളം കയറി ദുരന്തമുണ്ടായത്. സംഭവത്തിൽ മലയാളിയായ നെവിൻ ഡാൽവിൻ (28), ഉത്തർപ്രദേശ് സ്വദേശിനി ടാനിയ സോണി (25), തെലങ്കാന സ്വദേശിനി ശ്രേയ യാദവ്(25) എന്നിവരാണ് മരിച്ചത്.

English Summary:

Rau's IAS Tragedy: CEO, Coordinator Granted Interim Bail in Student Drowning Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com