‘ഇത് തട്ടിപ്പ്, അംഗീകരിക്കാനാകില്ല’: മെഡിക്കൽ കോളജിലെ എൻആർഐ ക്വോട്ടയ്ക്കെതിരെ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ മെഡിക്കൽ കോളജുകളിൽ എൻആർഐ (നോൺ റസിഡൻഷ്യൽ ഇന്ത്യൻ) ക്വോട്ട വിപുലീകരിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതി. ഇത് തട്ടിപ്പാണെന്ന് എടുത്തു പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. മെഡിക്കൽ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാർ കൊണ്ടുവന്ന പുതിയ വിജ്ഞാപനം റദ്ദ് ചെയ്ത പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
‘‘എൻആർഐ ക്വോട്ട ബിസിനസ് ഇപ്പോൾ അവസാനിപ്പിക്കണം. ഇത് വലിയ തട്ടിപ്പാണ്...ഇതിനൊരു അവസാനം ഉണ്ടാകണം. ഈ തട്ടിപ്പാണ് വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്’’– കോടതി നിരീക്ഷിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ സീറ്റ് ലഭിച്ച വിദ്യാർഥികളെ മാറ്റിനിർത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടിയവരേക്കാൾ മൂന്നു മടങ്ങ് ഉയർന്ന സ്കോർ നേടിയ വിദ്യാർഥികൾക്കു വരെ അവസരം നഷ്ടപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദേശത്തുള്ള ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കും എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം നല്‍കാം എന്നായിരുന്നു പുതിയ വിജ്ഞാപനത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത് പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ നടപടി ശരിവച്ച സുപ്രീം കോടതി പൂർണമായും നിയമവിരുദ്ധമായ ഒരു കാര്യത്തിന് അംഗീകാരം നൽകാനാകില്ലെന്നും പറഞ്ഞു.