ADVERTISEMENT

സിനിമാമേഖലയിലെ ബലാത്സംഗ ആരോപണങ്ങളിലുണ്ടായ നിയമപരമായ നടപടികളാണ് കേരളത്തിൽ ഏറെ ചർച്ച ചെയ്ത പ്രധാനപ്പെട്ട വാർത്തകൾ. നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയപ്പോൾ മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു.

14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതുകൊണ്ട്  പരാതിക്കു വിശ്വാസ്യതയില്ലെന്ന സിദ്ദിഖിക്കിന്റെ അഭിഭാഷകന്റെ വാദത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്. സ്ത്രീയെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് നിശബ്ദയാക്കാൻ വേണ്ടിയാകും എന്നുപറഞ്ഞ കോടതി അത് നിയമത്തിന് എതിരാണെന്നും പറഞ്ഞു. 

ഉച്ചയോടെയാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്യുന്നത്. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റുരേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽ വിട്ടു. 

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി വരുന്നുവെന്നുള്ളതാണ് ഇന്ത്യൻ രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിച്ച മറ്റൊരു പ്രധാനവാർത്ത. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ തയ്യാറെടുത്തുകൊണ്ടാണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ ജൻ സുരാജ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. 

 ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായി ഡോ.ഹരിണി അമരസൂര്യ ചുമതലയേറ്റതാണ് മറ്റൊരു പ്രധാനപ്പെട്ട വാർത്ത. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. ലെബനന്റെ തലസ്ഥാന നഗരമായ ബെയ്റൂട്ടിൽ ഇസ്രയേൽ തുടരുന്ന ആക്രമണമാണ് മറ്റൊരു പ്രധാന വാർത്ത.

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നു. ഹിസ്ബുല്ലയുടെ റോക്കറ്റ് വിഭാഗം പ്രധാനിയായ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടെന്ന് ലെബനനിലെ സുരക്ഷാസംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖുബൈസിയെ കൂടാതെ ആറു പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം, 15 പേർക്ക് പരുക്കേറ്റു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com