കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലെ 30 പേര്‍ക്ക് ലൈസന്‍സ്; വെറുംവാക്ക് പറയാറില്ലെന്ന് ഗണേഷ്
Mail This Article
തിരുവനന്തപുരം∙ ‘‘വെറും വാക്ക് പറയാറില്ല, ചെയ്യുവാന്‍ പറ്റുന്ന കാര്യമേ പറയൂ, പറയുന്ന കാര്യം ചെയ്യും. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുമെന്ന് പറഞ്ഞു, ആരംഭിച്ചു. ആദ്യ ബാച്ചിന് ലൈസന്‍സും വിതരണം ചെയ്യുന്നു’’– ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറച്ച വാക്കുകളാണിത്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലെ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയ ആദ്യ ബാച്ചിന്റെ ലൈസന്‍സ് വിതരണവുമായി ബന്ധപ്പെട്ടാണ് മന്ത്രി തന്റെ സ്വപ്‌നപദ്ധതിയെപ്പറ്റി അഭിമാനം കൊണ്ടത്.
തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരില്‍ 30 പേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മന്ത്രി ലൈസന്‍സ് വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ആദ്യ ഘട്ടത്തില്‍ 11 സ്ഥലങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകളാണ് ആരംഭിച്ചത്. വനിതകള്‍ക്ക് ട്രെയിനിങ് നൽകുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇന്‍സ്ട്രക്ടമാരെ നിയോഗിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് നിരക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തില്‍ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളിലായി 182 പേര്‍ക്ക് പ്രവേശനം നല്‍കി. പരിശീലന ഗ്രൗണ്ട് സജ്ജമാക്കാന്‍ പാറശ്ശാല, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചിറ്റൂര്‍, ചടയമംഗലം, മാവേലിക്കര, വിതുര എന്നിവിടങ്ങളില്‍ എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കും.
സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് 14 ഡിപ്പോ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സഹായകരമായ രീതിയില്‍ ജെറിയാട്രിക്‌സ് ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ രീതിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കും. ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനുള്ള പരിശീലനം കൂടി ഉള്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കാസര്‍കോട്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തൃശൂര്‍ എന്നീ 14 കെഎസ്ആര്‍ടിസി യൂണിറ്റുകളിലാണ് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത്.