ADVERTISEMENT

തിരുവനന്തപുരം∙ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിപിഎം. അന്‍വര്‍ ഉന്നയിച്ച ഏതെങ്കിലും ഒരു കാര്യം പ്രഥമദൃഷ്ട്യാ ശശിയുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ശശിയും ഞങ്ങളും സംഘടനാപരമായും രാഷ്ട്രീയമായും ഒപ്പം പ്രവര്‍ത്തിച്ചുവന്ന സഖാക്കളാണ്. എത്രയോ പതിറ്റാണ്ടുകളുടെ അനുഭവം ഞങ്ങക്കുണ്ട്. ഈ പറഞ്ഞ കാര്യങ്ങളിലൊന്നും ശശിക്ക് ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ല. ആവശ്യമായ പരിശോധന നടത്തും.-എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ശശിക്കെതിരെയും എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ എംഎൽഎ പാർട്ടിക്ക് കത്തു നൽകിയിരുന്നു. പി.ശശിക്കെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിലപാട് അതേപടി സ്വീകരിച്ചാണ് അന്വേഷണം വേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്. അൻവർ ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ‌ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കേണ്ടെന്നും തീരുമാനിച്ചു. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യം കണക്കിലെടുത്തു. പാർട്ടിയെ വിശ്വാസമുണ്ടെന്നും, നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നുമുള്ള അൻവറിന്റെ പ്രതീക്ഷ വെറുതെയായി.

പി.വി.അൻവർ എംഎൽഎക്കു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയാണ് കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയത്. പി.ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യവുമില്ലെന്നും വ്യക്തമാക്കി. പി.ശശി മാതൃകപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറ‍ഞ്ഞിരുന്നു. അൻവർ നിയമവിരുദ്ധമായ കാര്യങ്ങൾ ആവശ്യപ്പെട്ടു എന്ന വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്നതായി മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ അൻവർ ചോർത്തി പുറത്തുവിട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അൻവർ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശം മാനിക്കാതെ വാർത്താ സമ്മേളനം നടത്തിയതും നീരസത്തിനിടയാക്കി. 

ശശി സ്വർണക്കള്ളക്കടത്തു സംഘങ്ങളിൽനിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത് എന്തു കാരണത്താലാണെന്ന് എല്ലാവർക്കും അറിയാമെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് ഇന്നുവരെ ശശിയെ സമീപിച്ചിട്ടില്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

English Summary:

No Party Inquiry Against P Sasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com