ADVERTISEMENT

ഷിരൂർ ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ കാബിനിൽനിന്ന് എസ്ഡിആർഎഫ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. മൃതദേഹഭാഗങ്ങൾ ബോട്ടിലേക്ക് മാറ്റി. ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുൾപ്പെടെ കാണാതായിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഉൾപ്പെടെയുള്ളവർ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 72–ാം  ദിവസമാണ് ലോറി കണ്ടെത്തിയത്.  

‘‘അർജുന് എന്റെ മുകളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാൻ ഉണ്ടെന്ന്. ഞാൻ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയാണ്. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട. ’’ – വികാരവിക്ഷുബ്ധതയിൽ ലോറി ഉടമ മനാഫ് പറഞ്ഞു. എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. അർജുനു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. ‘‘കുടുംബത്തെ സംബന്ധിച്ചിടത്തോളം അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം.’’  ജിതിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com