സിദ്ദിഖ് എവിടെ?, ഇരുട്ടിൽ തപ്പി പൊലീസ്; സുപ്രീം കോടതിയെ സമീപിച്ചാൽ തടസ്സഹർജി നൽകാൻ സർക്കാർ
Mail This Article
കൊച്ചി∙ ഒരു പകലും രാത്രിയും തിരച്ചിൽ നടത്തിയിട്ടും നടൻ സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രി കൊച്ചിയിലെ ചില ഹോട്ടലുകളിലും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. യുവ നടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയതോടെയാണ് അറസ്റ്റിനുള്ള നീക്കം പൊലീസ് ആരംഭിച്ചത്.
സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് ഇന്ന് അപേക്ഷ നൽകിയേക്കും. തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കും. ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. അതിജീവിതയും തടസ്സ ഹര്‍ജി നല്‍കി. സിദ്ദിഖ് ഹര്‍ജി നല്‍കിയാല്‍ തന്റെ ഭാഗവും കേള്‍ക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി അഭിഭാഷകരുമായി ബന്ധുക്കൾ ചർച്ച നടത്തുന്നുണ്ട്. സുപ്രീംകോടതി വിധി വന്നശേഷം കീഴടങ്ങുന്നതിൽ തീരുമാനമെടുക്കാമെന്നാണ് നടന്റെ നിലപാടെന്നറിയുന്നു.
തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണസംഘം കൊച്ചിയിൽ പരിശോധന തുടരുകയാണ്. കൊച്ചിയിലും ആലുവയിലും പ്രത്യേക ടീമുകളും അന്വേഷണം നടത്തുന്നുണ്ട്. സിദ്ദിഖിനെ ആരെങ്കിലും സംരക്ഷിച്ചാൽ അവർക്കെതിരെ കേസെടുക്കാനുള്ള നിർദേശവുമുണ്ട്. ബലാൽസംഗ കേസെടുത്ത ഓഗസ്റ്റ് 28നു തന്നെ സിദ്ദിഖിന്റെ നീക്കങ്ങൾ പൊലീസ് നീരീക്ഷിച്ചു തുടങ്ങിയിരുന്നു. മൂന്നാഴ്ച മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടിസ് നൽകി. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഇന്നലെ രാവിലെ മുതൽ നടനെക്കുറിച്ച് വിവരമില്ലായിരുന്നു. നടൻ എത്താനിടയുള്ള വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പരിശോധനയുടെ വിവരങ്ങൾ ചോരുന്നുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
യുവ നടിയുടെ പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി.