നല്ല കെട്ടിടം, സ്മാർട് ക്ലാസ് റൂം, സ്ഥിരം അധ്യാപകർ, പാർക്ക്; എന്നിട്ടും ഈ സ്കൂളിൽ പഠിക്കാൻ ഒരു കുട്ടി!
Mail This Article
കോഴിക്കോട്∙ ഒരു വിദ്യാർഥിക്കു മാത്രമായി പ്രവർത്തിക്കുന്ന സ്കൂളുണ്ട് പേരാമ്പ്രയിൽ. ഈ വിദ്യാർഥിക്കു വേണ്ടി ഇന്നലെ വരെ നാല് അധ്യാപകരുമുണ്ടായിരുന്നു. ഇതിൽ രണ്ടു പേരെ മറ്റുസ്കൂളുകളിലേക്കു മാറ്റിയതോടെ ഇനി രണ്ട് അധ്യാപകരാണുള്ളത്. പേരാമ്പ്ര ഗവ.വെൽഫേർ എൽപി സ്കൂളാണ് ഒരു വിദ്യാർഥിക്കു മാത്രമായി പ്രവർത്തിക്കുന്നത്. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ നാലു വിദ്യാർഥികളും നാല് അധ്യാപകരുമുണ്ടായിരുന്നു. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നതോടെ ഒറ്റക്കുട്ടി മാത്രമായി. സ്മാർട് ക്ലാസ് റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള സ്കൂളാണ് ഇനി മുതൽ ഒരു കുട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നത്. 1957ൽ സ്ഥാപിച്ച സ്കൂളിൽ ഒരുകാലത്ത് അൻപതിലധികം കുട്ടികൾ പഠിച്ചിരുന്നു.
ഒന്നുമുതൽ നാലു വരെ ക്ലാസുകളിൽ ഓരോ വിദ്യാർഥികളാണ് ഈ അധ്യയന വർഷം സ്കൂൾ തുറന്നപ്പോൾ ഉണ്ടായിരുന്നത്. ഈ മാസം ആദ്യം രണ്ടിലെയും നാലിലെയും കുട്ടികൾ ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്കു പോയി. ഇതോടെ ഒന്നിലും മൂന്നിലും ഓരോ കുട്ടികൾ മാത്രമായി. ഒരാഴ്ച മുമ്പ് ഒന്നാം ക്ലാസ് വിദ്യാർഥിയും സ്കൂൾ മാറി. കുട്ടികൾക്ക് ക്ലാസിൽ ഒറ്റയ്ക്കിരിക്കാനുള്ള പ്രയാസം കൊണ്ടാണ് രക്ഷിതാക്കൾ ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്കു മാറ്റിയത്. ഇതോടെ നാല് അധ്യാപകരും മൂന്നാം ക്ലാസ് വിദ്യാർഥിയും മാത്രമായി. പിന്നാലെ രണ്ട് അധ്യാപകരെ മറ്റു സ്കൂളുകളിലേക്കു മാറ്റി. തിങ്കളാഴ്ചയായിരുന്നു വെൽഫേർ എൽപി സ്കൂളിൽ നാല് അധ്യാപകരും ജോലിക്കെത്തിയ അവസാന ദിവസം.
സാംബവ കോളനിയിലെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നവരിൽ ഏറെയും. മറ്റു സമുദായത്തിലെ കുട്ടികളെയും കൊണ്ടുവരുന്നതിനു പല ശ്രമങ്ങളും നടത്തി. 2019, 2020 വർഷങ്ങളിൽ മറ്റു സമുദായത്തിലെ കുട്ടികളെയും ചേർക്കാൻ സാധിച്ചെങ്കിലു പിന്നീട് കുട്ടികൾ വന്നില്ല. സ്കൂളിലേക്കു കുട്ടികളെ ആകർഷിക്കാൻ കഴിഞ്ഞ വർഷം പേരാമ്പ്ര എഇഒയുടെ നേതൃത്വത്തിൽ ആകാശയാത്രവരെ നടത്തി. കുട്ടികൾക്ക് തിരുവനന്തപുരത്തേക്കു വിമാനത്തിൽ സൗജന്യ യാത്രയാണ് ഒരുക്കിയത്. ബിആർസിയുടെ നേതൃത്വത്തിൽ രാവിലെയും ഉച്ചയ്ക്കും പ്രത്യേക ഭക്ഷണവും ഏർപ്പാടാക്കി. അധ്യാപകരുൾപ്പെടെ വീടുകൾ തോറും കയറി ഇറങ്ങി വിദ്യാർഥികളെ ചേർക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
മികച്ച കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂം, സ്ഥിരം അധ്യാപകർ, പാർക്ക് തുടങ്ങി എല്ലാ സൗകര്യവുള്ള സ്കൂളാണിത്. പ്രീപ്രൈമറി ക്ലാസിൽ 3 കുട്ടികളും ഒരധ്യാപികയുമുണ്ട്. കൂടാതെ ശുചീകരണത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഓരോ ജീവനക്കാരുണ്ട്. ഇനി വിദ്യാലയത്തിൽ ബാക്കിയുള്ളത് ചേർമല കോളനിയിലെ രാജേഷ്–വിൻജിത ദമ്പതികളുടെ മകൾ വിനിഗ മാത്രമാണ്. ഒറ്റയ്ക്കായ കുട്ടി സ്കൂളിൽ തുടരുമോ എന്നതും സംശയമാണ്. ഈ കുട്ടികൂടി പോയാൽ സ്കൂൾ തുടർന്നു പ്രവർത്തിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകും.