ADVERTISEMENT

കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ നടൻ ദിലീപും കേസിലെ ഒന്നാം പ്രതി പൾസർ സുനിയും വീണ്ടും നേർക്കുനേർ. കേസിലെ രണ്ടാംഘട്ട വിചാരണ നടപടികൾ ആരംഭിച്ചപ്പോഴാണ് ഇരുവരും ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായത്. പ്രതികളെ കോടതി നേരിട്ട് വിസ്തരിക്കുന്നത് ഇന്നു മുതൽ ആരംഭിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. പ്രതികളുടെ വിസ്താരം പൂർത്തിയായാൽ കേസുമായി ബന്ധപ്പെട്ട വാദം കേൾക്കലിലേക്കും തുടർന്ന് വിധിയിലേക്കും പോകും. രണ്ടു മാസത്തിനുള്ളിൽ തന്നെ കേസിൽ അന്തിമ വിധി വരാനും സാധ്യതയുണ്ട്.

2017ൽ നടന്ന കേസിൽ ഏഴര വർഷത്തിനു ശേഷം ഈ മാസം 20നാണ് പൾസർ സുനി ജാമ്യത്തിലിറങ്ങിയത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണിത്. നേരത്തെ കേസിന്റെ വിചാരണാ നടപടികൾ നടക്കുന്ന സമയങ്ങളിൽ പൊലീസ് അകമ്പടിയോടെയാണ് പൾസർ സുനി കോടതിയിൽ എത്തിയിരുന്നത് എങ്കിൽ ഇന്നലെ സ്വതന്ത്രനായി എത്തി എന്നതായിരുന്നു വ്യത്യാസം. നേരത്തെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സമയത്ത് ദിലീപും പൾസർ സുനിയും ഒന്നിച്ച് കോടതി മുറിയിലെത്തിയിരുന്നു. ഇന്ന് കോടതി മുറിക്കുള്ളിൽ കേസിലെ 13 പ്രതികളിൽ 12 പേരും ഹാജരായി എന്ന് അറിയുന്നു. അഞ്ചാം പ്രതിക്ക് വ്യക്തിപരമായ അസൗകര്യം നിമിത്തം ഹാജരാകാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

നേരത്തെ കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഭാഗം സാക്ഷികളുടെ വിസ്താരവും കഴിഞ്ഞ സാഹചര്യത്തിലാണ് ഇന്നു മുതൽ പ്രതികളുടെ വിസ്താരം ആരംഭിച്ചത്. ഷൂട്ടിങ്ങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.

English Summary:

Kochi Actress Attack Case: Dileep, Pulsar Suni Face Off as Trial Nears End

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com