വെള്ളക്കെട്ടില് മുങ്ങി മുംബൈ: വിമാനങ്ങൾ വഴിതിരിച്ചു വിട്ടു; സ്കൂളുകൾക്ക് അവധി
Mail This Article
മുംബൈ ∙ കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും കോളജുകൾക്കും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അവധി പ്രഖ്യാപിച്ചു. മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ നാലുപേർ മരിച്ചു. ഇൻഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര തുടങ്ങിയ എയർലൈനുകളുടേതുൾപ്പെടെ പതിനാലോളം സർവീസ് വഴിതിരിച്ചുവിട്ടു. ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. പുണെ, താനെ, റായ്ഗഡ്, രത്നാഗിരി എന്നിവിടങ്ങളിൽ റെഡ് അലർട്ടും പാൽഘറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ മുംബൈയിലും സമീപ മേഖലകളിലുമുണ്ടായ വെള്ളക്കെട്ടിലും ഗതാഗത തടസ്സത്തിലും ജനം വലഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയതോടെ റോഡ് ഗതാഗതം താറുമാറായി. ട്രാക്കിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് മധ്യ റെയിൽവേയിലെ മെയിൻ ലൈനിൽ ഗതാഗതം തടസ്സപ്പെട്ടു. മറ്റെല്ലാ ലൈനുകളിലും ലോക്കൽ ട്രെയിനുകൾ വൈകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കനത്ത മഴ പെയ്തത്. ഇതോടെ പലരും റെയിൽവേ സ്റ്റേഷനുകളിലെത്താൻ ഷെയർ ഓട്ടോയും ടാക്സിയും കിട്ടാതെ വലഞ്ഞു. മിന്നലോടു കൂടിയ മഴ വൈകിട്ട് നാലോടെയാണ് ശക്തി പ്രാപിച്ചത്. പിന്നാലെ റോഡുകളെല്ലാം വെള്ളക്കെട്ടായി. മുളുണ്ട്, ഭാണ്ഡൂപ് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ധേരി സബ്‌വേയും ഏറെ നേരം അടച്ചിട്ടു. താനെ, നവിമുംബൈ, വസായ് മേഖലകളിലും കനത്ത മഴ പെയ്തു. സിന്ധുദുർഗ്, പാൽഘർ മേഖലകളിലും, രത്നാഗിരിയിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
വസായ് മേഖലയിൽ മണിക്കൂറുകൾ നീണ്ടുനിന്ന മഴയെത്തുടർന്ന് റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മുംബൈ– അഹമ്മദാബാദ് ദേശീയപാത, ചിൻചോട്ടി–ഭിവണ്ടി റോഡ്, താനെ ഗോഡ്ബന്ദർ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് കാരണം മണിക്കൂറുകൾ നീണ്ട ഗതാഗതാക്കുരുക്ക് ഉണ്ടായി. വിളവെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പെയ്ത കനത്ത മഴയിൽ ഗ്രാമീണ മേഖലകളിൽ വലിയ കൃഷിനാശവും റിപ്പോർട്ട് ചെയ്തു.