‘നീതിയില്ലെങ്കില്‍ നീ തീയാവുക’: ആളിപ്പടരാൻ പി.വി. അൻവർ? ഇന്നു വീണ്ടും മാധ്യമങ്ങളെക്കാണും
Mail This Article
തിരുവനന്തപുരം∙ സിപിഎം അഭ്യര്‍ഥന തള്ളി രണ്ടും കല്‍പ്പിച്ച് തീയായി ആളിപ്പടരാന്‍ ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ഇന്നു വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് അന്‍വര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമോയെന്ന അഭ്യൂഹം ഉയർന്നിട്ടുണ്ട്. പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ അന്‍വര്‍ തയാറായിരുന്നില്ല.
വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ... എന്നും അന്‍വറിന്റെ കുറിപ്പില്‍ പറയുന്നു. ബുധനാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് പൂര്‍ണ പിന്തുണ നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പി.വി.അന്‍വറിന്റെ നടപടികളില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിധേയത്വവും ആത്മാഭിമാനവും പരാമര്‍ശിച്ച് അന്‍വര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചിരിക്കുന്നത്. താന്‍ അതിശക്തമായ ആരോപണം ഉന്നയിച്ച എഡിജിപി എം.ആര്‍.അജിത് കുമാറിനെയും പി.ശശിയെയും പാര്‍ട്ടിയും മുഖ്യമന്ത്രിയും ശക്തമായി സംരക്ഷിച്ചതോടെ ആത്മാഭിമാനത്തിനു ക്ഷതമേറ്റ നിലയിലാണ് അന്‍വര്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ നീതി തേടി അന്‍വര്‍ തീയാകുമ്പോള്‍ ആരെങ്കിലുമൊക്കെ വെന്തെരിയുമോ അതോ അൻവർ സ്വയം ആ തീയില്‍ എരിഞ്ഞടങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം.ആര്‍.അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയെന്നാണ് പി.വി.അന്‍വര്‍ വിശേഷിപ്പിച്ചത്. ആര്‍എസ്എസിനു വേണ്ട എല്ലാ കാര്യങ്ങളും നടത്തിക്കൊടുക്കുന്നത് അജിത് കുമാറാണെന്നത് സൂര്യനുദിച്ചുനില്‍ക്കുന്നതുപോലെയുള്ള പ്രപഞ്ചസത്യമാണെന്നും അന്‍വര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി ഒരന്വേഷണവും വേണ്ടെന്നാണ് തന്റെ അഭിപ്രായം. ആര്‍എസ്എസിന്റെ അജന്‍ഡയാണ് എഡിജിപി ഇവിടെ നടപ്പാക്കുന്നത്. തൃശൂര്‍ പൂരം കലക്കിച്ചതാണ്. എഡിജിപിയാണ് അതു കലക്കിയത്. ഇങ്ങനെയൊക്കെയായിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ചിലര്‍ക്കു ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ചില ആളുകള്‍ക്കു കാര്യങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ കുറച്ചു സമയമെടുക്കുമെന്നും ഉറക്കം നടിച്ചിരിക്കുന്നവര്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ലെന്നുമുള്ള ഇ.പി.ജയരാജന്റെ പ്രതികരണവും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ പ്രിയപ്പെട്ട ആയുധമായിരുന്ന അന്‍വര്‍ ഒടുവില്‍ സിപിഎമ്മിന് എതിരെ തന്നെ തിരിഞ്ഞതോടെ മലപ്പുറത്തെ എസ്പിയെയും എട്ട് ഡിവൈഎസ്പിമാരെയും കൂട്ടത്തോടെ മാറ്റി അനുനയിപ്പിക്കാനാണ് പാര്‍ട്ടിയും സര്‍ക്കാരും ആദ്യം ശ്രമിച്ചത്. എന്നാല്‍ അജിത്‌കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ലക്ഷ്യമിട്ട് കടിഞ്ഞാണില്ലാതെ അന്‍വര്‍ തുടര്‍നീക്കങ്ങള്‍ നടത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാക്കുകള്‍ കടുപ്പിച്ച് രംഗത്തെത്തി. പരസ്യപ്രസ്താവന നടത്തരുതെന്ന് മൂന്നുവട്ടം ആവശ്യപ്പെട്ടിട്ടും അന്‍വര്‍ വഴങ്ങാതിരുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റെയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇതിനു പിന്നാലെ അന്‍വര്‍ സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം നീക്കി അതൃപ്തി പരസ്യമാക്കി.
തുടര്‍ന്നാണ് പാര്‍ട്ടിയും അന്‍വറിനെ തള്ളുന്ന നിലപാടിലേക്ക് എത്തിയത്. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്തിനു വേണ്ട അച്ചടക്കം പാലിച്ചില്ലെങ്കില്‍ പി.വി.അന്‍വറിനെതിരെ നടപടി വരുമെന്നു സിപിഎം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പുകള്‍ തള്ളി പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ ഒക്ടോബര്‍ നാലിനു ചേരുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം സിപിഎം നിയമസഭാകക്ഷിയോഗം വിളിച്ചുചേര്‍ത്ത് അന്‍വറിനെ തിരുത്താനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി. മുഖ്യമന്ത്രിക്കു മറുപടി നല്‍കുന്ന രീതിയില്‍ പത്രസമ്മേളനം നടത്തിയതടക്കം അന്‍വറിന്റെ ഭാഗത്തുനിന്നുള്ള പരസ്യ പ്രകോപനങ്ങളില്‍ സെക്രട്ടേറിയറ്റ് യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടി അംഗമല്ലെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമാണ് അന്‍വര്‍. അതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും എല്‍ഡിഎഫ് യോഗത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.