ADVERTISEMENT

കോഴിക്കോട്∙ പി.വി.അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണ്. ആർക്കും അത് കെടുത്താനാകില്ല. ജനങ്ങൾ നൽകിയ സൂര്യശോഭയാണ് മുഖ്യമന്ത്രിക്ക്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. 

അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുൻപ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്. അൻവറിന്റെ ചെയ്തികൾ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 

ജനങ്ങളുടെ വിശ്വാസത്തിനു വിരുദ്ധമായി അൻവർ പ്രവർത്തിക്കുകയാണ്. അൻവർ നിലപാട് തിരുത്തണം. സിപിഎം അംഗമാണെങ്കിൽ അൻവറിനെ സസ്പെൻഡ് ചെയ്യാം. അൻവർ സ്വതന്ത്ര എംഎൽഎയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായിയെന്നും ഇപ്പോൾ അത് കെട്ടുപോയെന്നും അൻവർ വിമർശിച്ചിരുന്നു. പിണറായിയുടെ ഗ്രാഫ് താഴ്ന്നുവെന്നും അൻവർ പറഞ്ഞു. ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം.

English Summary:

LDF convener T.P. Ramakrishnan reply after Pv Anvar's press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com