ADVERTISEMENT

മലപ്പുറം∙ മുഖ്യമന്ത്രിക്കും പൊലീസിലെ ഉന്നതർക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ എൽഡിഎഫ് വിട്ട് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. ഇനി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നറിയിച്ച പി.വി.അൻവർ നിയമസഭയിൽ പ്രത്യേകമായി ഇരിക്കുമെന്നും അറിയിച്ചു. ഇടത്തോ വലത്തോ ഇരിക്കാതെ നടുപക്ഷത്ത് ഇരിക്കുമെന്നു പി.വി.അൻവർ എംഎൽഎ വ്യക്തമാക്കിയതോടെയാണ് ഇടതു സ്വതന്ത്ര എംഎൽഎയായ അൻവർ മുന്നണി വിടുന്നതായി ഉറപ്പിച്ചത്.

‘ജനങ്ങളോട് പിന്തുണയുള്ള നേതാക്കളാണ് എന്നെ പിന്തുണയ്ക്കുന്നത്. പേര് പറയാൻ ഒരു ബുക്ക് വേണ്ടി വരും. പാർട്ടി തള്ളിയാൽ ഞാൻ നടുപക്ഷത്ത് നിൽക്കും. നടുക്കൊരു സീറ്റ് തരണമെന്ന് സ്പീക്കറോട് പറയും. അങ്ങോട്ടും ഇങ്ങോട്ടുമില്ല. പാർലമെന്ററി പാർട്ടി യോഗം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് നടക്കുക. അവിടെ എന്ത് പറയാനാണ്? അവിടെ നിന്ന് കാര്യങ്ങൾ ഇങ്ങോട്ട് പറയും. ഈ വരുന്ന പാർ‌ലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ല. പാർട്ടി പ്രവർ‌ത്തകരിലും കോടതിയിലുമാണ് എന്റെ വിശ്വാസം. ഡിവൈഎഫ്ഐക്കാരൊക്കെ ഇപ്പോഴും പൊതിച്ചോറ് കൊടുക്കുകയാണ്. അവർ എന്നോടൊപ്പമാണ്. അവരോടൊപ്പം ഞാൻ ഉണ്ടാകും. കിട്ടിയതൊന്നും ഞാൻ വിടില്ല’’– എൽഡിഎഫ് വിടാനുള്ള തീരുമാനത്തിൽ അൻവർ വ്യക്തത വരുത്തി.

അതേസമയം എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകൾ അൻവർ തള്ളി. എംഎൽഎ പദവി രാജിവയ്ക്കുമെന്ന് ആരും കരുതേണ്ടെന്നും ജനങ്ങളാണ് ആ മൂന്നക്ഷരം തനിക്കു നൽകിയതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പി.വി അൻവറിന്‍റെ വാര്‍ത്താസമ്മേളനം നടന്നത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നറിയിച്ച അൻവർ തന്റെ അടുത്ത നീക്കം അന്ന് ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു.

English Summary:

MLA PV Anvar quits LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com