‘പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; എഡിജിപിയോട് എന്തൊരു കരുതലാണ്’
Mail This Article
തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി അതിന്റെ അടിസ്ഥാനത്തില്‍ വേണം നിയമനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാൻ. പൂരം കലക്കിയതും ആര്‍എസ്എസ് നേതാക്കളെ കാണാന്‍ എഡിജിപി പോയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
‘‘മൂന്നു ദിവസം മുന്‍പ് കമ്മിഷണര്‍ നല്‍കിയ ക്രമീകരണങ്ങള്‍ മാറ്റി പൂരം കലക്കാനുള്ള പുതിയ പ്ലാന്‍ എഡിജിപി നേരിട്ട് കൊടുക്കുകയായിരുന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ ചെയ്തതാണ്. അല്ലെങ്കില്‍ മുഖ്യമന്ത്രി ഇതുപോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോ? എത്ര അന്വേഷണമാണ് എഡിജിപിക്കെതിരെ നടക്കുന്നത്. ഭരണപക്ഷ എംഎല്‍എ കൊടുത്ത പരാതിയിലും ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിലും അന്വേഷണം നടക്കുന്നു. പൂരം കലക്കിയതിലും അനധികൃത സ്വത്തു സമ്പാദനത്തിലും അന്വേഷണം നടന്നിട്ടും എഡിജിപിയെ അതേ സ്ഥാനത്തുതന്നെ നിര്‍ത്തിയിരിക്കുകയാണ്. എന്തൊരു കരുതലാണ് മുഖ്യമന്ത്രിക്ക് എഡിജിപിയോട്. മുഖ്യമന്ത്രി പറഞ്ഞതെല്ലാമാണ് എഡിജിപി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഇത്ര കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്നത്. കീഴുദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമ്പോഴും എഡിജിപി ആ സ്ഥാനത്തു തന്നെ തുടരുകയാണ്.’’
പൊലീസിന്റെ അധികാരശ്രേണി പാലിച്ചുള്ള നടപടികള്‍ അല്ല ഇപ്പോള്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഡിജിപി പറഞ്ഞാല്‍ എഡിജിപി കേള്‍ക്കില്ല. അതിനു താഴെയുള്ള ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞാല്‍ എസ്പിമാര്‍ കേള്‍ക്കില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് നിര്‍വീര്യമായിക്കൊണ്ടിരിക്കുകയാണ്. വളരെ പരിതാപകരമായ അവസ്ഥയിലാണ് പൊലീസെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.