‘തെറ്റ് തിരുത്തണം, മസിൽ പിടിച്ചിട്ട് കാര്യമില്ല’: അൻവറിനെ പിന്തുണച്ച് പോരാളി ഷാജി, തള്ളി ബിനീഷ്
Mail This Article
കോട്ടയം ∙ പി.വി.അന്‍വറിനെ പിന്തുണച്ച് ‘പോരാളി ഷാജി’ രംഗത്ത്. ഐസ്‌ക്രീം കേസ് അട്ടിമറിച്ചത് ആരാണെന്നാണ് ഫെയ്സ്ബുക്കിലൂടെ പോരാളി ഷാജിയുടെ ചോദ്യം. നേതാക്കളല്ല പാർട്ടിയെന്നും, അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവിലയാണെന്നും പോരാളി ഷാജി ഓർമിപ്പിച്ചു. അതേസമയം, അൻവറിനെ തള്ളി ബിനീഷ് കോടിയേരി രംഗത്തെത്തി. പാർട്ടി അച്ചടക്കം സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്റെ പഴയ വിഡിയോ പോസ്റ്റ് ചെയ്താണ് അൻവറിനെ ബിനീഷ് തള്ളിയത്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു വാർത്താസമ്മേളനം നടത്തേണ്ടി വരില്ലായിരുന്നു എന്ന് അൻവർ പറഞ്ഞിരുന്നു.
‘‘തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നതു കൊണ്ടായില്ല. ബംഗാളിൽ 220 എംഎൽഎമാരും 32 എംപിമാരും ഉണ്ടായിരുന്നു സിപിഎമ്മിന്. ത്രിപുരയിൽ 50ലധികം എംഎൽഎമാരും രണ്ടു എംപിമാരും. ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സിപിഎം തന്നെ. എന്നിട്ടും എങ്ങനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി?’’– പോരാളി ഷാജി ചോദിച്ചു.
പാർട്ടിബോധം എന്നതും പാർട്ടിഅച്ചടക്കം എന്നതും കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചു ഏറ്റവും പ്രധാനമാണെന്നാണ് ബിനീഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കോടിയേരി ബാലകൃഷ്ണന്റെ വിഡിയോയിൽ പറയുന്നത്. നിരന്തരമായ പാർട്ടി പ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ മാത്രമേ അത് വന്ന് ചേരണമെന്നുള്ളൂ. അത് നിരാശയിൽ നിന്നും ആരംഭിച്ചു വിരുദ്ധതയിലേക്ക് പോകുമ്പോൾ സ്വാഭാവികമായും അത് പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറും. അത് തിരിച്ചറിയുക എന്നതാണ് പാർട്ടി ബോധമെന്നും വിഡിയോയിൽ പറയുന്നു. അൻവറുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ബിനീഷിന്റെ അടുപ്പക്കാരനായ തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലർ ഐ.പി. ബിനുവും അൻവറിനെ തള്ളി രംഗത്തെത്തി.
കോടിയേരിയുടെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശനത്തിനു വയ്ക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും യൂറോപ്പിലേക്ക് പോകുന്നതിനു വേണ്ടിയായിരുന്നുവെന്നാണ് അൻവറിന്റെ ആരോപണം. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയതിൽ സഖാക്കൾക്ക് വേദനയുണ്ട്. താൻ വാർത്താ സമ്മേളനത്തിനു വരുന്ന സമയത്ത് ഒരു പാർട്ടി സഖാവ് അത് ചൂണ്ടിക്കാട്ടി മെസേജ് അയച്ചെന്നും അൻവർ ആരോപിച്ചു.