ADVERTISEMENT

മലപ്പുറം∙ പി.വി.അൻവർ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്‌ലിം ലീഗിന്‍റെ  പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയാനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും സലാം പറഞ്ഞു. 

പൂരം കലക്കലിൽ അന്വേഷണം എഡിജിപി അജിത്‌കുമാറിനെ ഏൽപ്പിച്ചത് കള്ളനു താക്കോൽ കൊടുക്കുന്നതു പോലെയാണ്. ഇന്ന് യുഡിഎഫ് കോഴിക്കോട് സമര പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിയണം. അൻവറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന് ഇല്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ യോജിക്കാവുന്ന കാര്യങ്ങളിൽ യോജിക്കുന്നതിൽ തെറ്റില്ല. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും സലാം ആവശ്യപ്പെട്ടു.

അൻവർ നടത്തുന്ന നീക്കങ്ങളും ഉന്നയിച്ച ആരോപണങ്ങളും പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. നോക്കട്ടെ, പഠിക്കട്ടെ എന്നീ രണ്ടു വാക്കുകളിൽ അദ്ദേഹം പ്രതികരണം ഒതുക്കി. മുന്നണി സംവിധാനമല്ലേയെന്നും കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അൻവർ ആദ്യം പറയേണ്ടത് മാധ്യമങ്ങളോടല്ല പാർട്ടിയോടായിരുന്നുവെന്ന് ഐഎൻഎൽ നേതാവും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അൻവറല്ല ആര് ആരോപണം ഉന്നയിച്ചാലും ഗൗരവത്തോടെ കാണണം. അന്വേഷണം ഇപ്പോൾ നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരട്ടെ. ഐഎൻഎൽ നിലപാട് എൽഡിഎഫിൽ പറഞ്ഞിട്ടുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

English Summary:

Muslim League Demands Inquiry into P.V. Anwar's Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com