ADVERTISEMENT

കോട്ടയം∙ 2007ൽ അന്നത്തെ എൽഡിഎഫ് ഘടകക്ഷിയായിരുന്ന കേരള കോൺഗ്രസ് (സെക്കുലർ) പാർട്ടി എംഎൽഎ പി.സി.ജോർജ് ഒരു അഴിമതി ആരോപണം പുറത്തുകൊണ്ടുവന്നു. എൽഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും കേരള കോൺഗ്രസ് (ജോസഫ്) നേതാവുമായ ടി.യു.കുരുവിളയ്‌ക്ക് എതിരെയായിരുന്നു ആ വെളിപ്പെടുത്തൽ. മന്ത്രി കുരുവിളയും കുടുംബവും ഉൾപ്പെട്ട മൂന്നാറിലെ ഭൂമിയിടപാടിൽ ക്രമക്കേടുകൾ നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം. വൈകാതെ ഭൂമി ഇടപാട് കേസിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം കുരുവിളയ്ക്കു മന്ത്രിസ്ഥാനത്ത് നിന്ന് രാജി വയ്‌ക്കേണ്ടി വന്നു.

വൈകാതെ കേരള കോൺഗ്രസ് (സെക്കുലർ) പാർട്ടിക്കും പി.സി.ജോർജിനും എൽഡിഎഫിൽനിന്നു പുറത്തുപോകേണ്ടി വന്ന കാഴ്ചയാണു കണ്ടത്. മുന്നണിയിൽ ആലോചിക്കാതെ മുന്നണിയിലെ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനായിരുന്നു അന്നത്തെ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ നേതൃത്വത്തിൽ ജോർജിനെ മുന്നണിയിൽനിന്നു പുറത്താക്കിയത്. വൈകാതെ ജോർജ് യുഡിഎഫിലേക്കും അവിടെനിന്ന് കേരള കോൺഗ്രസിലേക്കും (മാണി) ഇപ്പോൾ ബിജെപിയിലും എത്തി. 17 വർഷങ്ങൾക്കിപ്പുറം സമാനമായ സാഹചര്യത്തിലൂടെയാണ് എൽഡിഎഫ് വീണ്ടും കടന്നുപോകുന്നത്.

ഇത്തവണ പക്ഷേ, ആരോപണം സിപിഎമ്മിന്റെ സന്തത സഹചാരി ആയിരുന്ന, സ്വതന്ത്ര എംഎൽഎ പി.വി.അൻവറിന്റെ ഭാഗത്തു നിന്നാണ്. കേവലം ഒരു ഘടകക്ഷിയിലെ മന്ത്രിക്കെതിരെയല്ല, മറിച്ച് മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. ഏറ്റവും ഒടുവിൽ പാർട്ടിയെയും തള്ളിപ്പറഞ്ഞ് എൽഡിഎഫിൽനിന്ന് പുറത്തുവന്നിരിക്കുകയാണ് അൻവർ. വൈകാതെ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുന്ന അൻവർ തന്റെ രാഷ്ട്രീയ നിലപാടു പരസ്യമായി പ്രഖ്യാപിക്കാനുള്ള സാധ്യതയാണു കാണുന്നത്.

ഇടത്തോട്ടോ വലത്തോട്ടോ ഇല്ലെന്നും നിയമസഭയിൽ നടുപക്ഷത്ത് ഇരിക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ അൻവർ, പുതിയ പാർട്ടി പ്രഖ്യാപിക്കുമോയെന്നതും ഉരുത്തിരിയുന്ന ചോദ്യമാണ്. എന്നാൽ പി.സി. ജോർജ്, പിന്നീട് യുഡിഎഫ് വിട്ട് ഒടുവിൽ ബിജെപിയിലെത്തുന്ന കാഴ്ചയാണു കണ്ടത്. പക്ഷേ, മുന്നണി ഏതുമില്ലാതെ സ്വതന്ത്രനായി നിന്ന ജോർജ്, 2016ൽ പൂഞ്ഞാറിൽ കാണിച്ച മാജിക്ക് അൻവർ നിലമ്പൂരിൽ കാണിക്കുമോ എന്നതും കാത്തിരുന്നു കാണണം.

English Summary:

Déjà Vu in Kerala Politics: P.V. Anwar Echoes P.C. George's LDF Rebellion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com