സഭാ സമ്മേളനത്തിനു മന്ത്രിക്കുപ്പായം തുന്നിപ്പിക്കാൻ തോമസ് കെ.തോമസ്; വിട്ടുകൊടുക്കാതെ ശശീന്ദ്രൻ
Mail This Article
കോട്ടയം∙ എൻസിപിയിലെ മന്ത്രിമാറ്റത്തിൽ തീരുമാനം ഒരാഴ്ച കൂടി നീളും. ഇതോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു തലേദിവസം വരെ എ.കെ.ശശീന്ദ്രൻ മാറി മന്ത്രിക്കസേരയിലേക്ക് തോമസ് കെ.തോമസ് വരുമോയെന്ന കാര്യത്തിൽ സസ്പെൻസ് തുടരും. ഒക്ടോബർ നാലിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ മൂന്നിന് കാണാമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയെ അറിയിച്ചു. മുഖ്യമന്ത്രിയെ കാണാനായി സമയം ചോദിച്ച ശശീന്ദ്രൻ വിഭാഗം നേതാക്കളോടും ഒക്ടോബർ മൂന്നിനേ കേരളത്തിലേക്കു തിരികെ വരികയുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ തോമസ് കെ. തോമസിനു മന്ത്രിയായി പ്രമോഷൻ കിട്ടുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. എന്നാൽ നിയമസഭാ സമ്മേളനത്തിനിടെ മന്ത്രിമാറ്റം ഉണ്ടാകില്ലെന്നും സമ്മളനം കഴിയുന്നതുവരെ കാത്തിരിക്കാനുമാകും മുഖ്യമന്ത്രി നിർദേശിക്കുക എന്നുമാണു ശശീന്ദ്രൻ വിഭാഗം കരുതുന്നത്.
ശരദ് പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത പ്രതിസന്ധിയിലാണ് സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമ തീരുമാനത്തിലേക്കെത്താനാണു ധാരണ. തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന തീരുമാനത്തിൽ പാർട്ടി കടുംപിടിത്തം പിടിച്ചാൽ പാർട്ടി പിളർത്തി ശശീന്ദ്രൻ മന്ത്രിയായി തുടരണമെന്ന് അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നവർ ആഗ്രഹിക്കുന്നു. എന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അതിനുള്ള സാധ്യതയില്ല.
ഇടക്കാലത്ത് ശശീന്ദ്രൻ കോൺഗ്രസിലേക്ക് (എസ്) മടങ്ങിപ്പോകുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയായിരിക്കുന്നതിനാൽ ആ സാധ്യതയും അടഞ്ഞ മട്ടാണ്. പി.സി.ചാക്കോയെ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നു മാറ്റിയാൽ തിരികെ വരാം എന്ന ഉപാധിയോടെ അജിത് പവാർ വിഭാഗത്തിലെ ചില നേതാക്കളുമായി ശശീന്ദ്രൻ വിഭാഗം ചർച്ചകൾ നടത്തുന്നുണ്ട്. ചാക്കോയെ പവാർ കൈവിടില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.
മന്ത്രിപ്പോരിൽ അടിയോടടി
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം എൻസിപിയിൽ മുറുകുകയാണ്. മന്ത്രിമാറ്റത്തെ എതിർത്ത വൈസ് പ്രസിഡന്റ് രാജനെ ഇന്നലെ പാർട്ടി അധ്യക്ഷൻ സസ്പെൻഡ് ചെയ്തിരുന്നു. ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശൂരിൽ യോഗം വിളിച്ചത് വിമത നീക്കമെന്നു കുറ്റപ്പെടുത്തിയാണ് പി.സി.ചാക്കോ നടപടി സ്വീകരിച്ചത്. പാർട്ടി നടപടിയെ ശശീന്ദ്രൻ പരസ്യമായി എതിർത്തു. ഇതിനു പിന്നാലെ പവാറിന് കത്ത് അയച്ചു. നടപടി പിൻവലിച്ചില്ലെങ്കിൽ തീരുമാനങ്ങൾ കടുപ്പിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ നീക്കം. സസ്‌പെൻഷൻ പിൻവലിക്കണമെന്ന ശശീന്ദ്രന്റെ ആവശ്യം ചാക്കോ അംഗീകരിക്കുന്നില്ല. രാജൻ നടത്തിയത് വിമത പ്രവർത്തനമാണെന്നും അച്ചടക്ക നടപടി അങ്ങനെ തന്നെ തുടരുമെന്നും ചാക്കോ പറയുന്നു.