ലക്ഷ്യങ്ങൾ നേടും വരെ ഹിസ്ബുല്ലയെ ലക്ഷ്യമാക്കിയുള്ള ആക്രമണം അവസാനിപ്പിക്കില്ല: ബെന്യാമിൻ നെതന്യാഹു
Mail This Article
ടെൽ അവീവ് ∙ ഇസ്രയേൽ പൂർണ ശക്തിയോടെ ഹിസ്ബുല്ലയെ ആക്രമിക്കുകയാണെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിന്റെ നയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ വാർഷിക പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയപ്പോഴാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ – ഹിസ്ബുല്ല സംഘർഷം ശക്തമായതിനെ തുടർന്ന് 21 ദിവസത്തെ വെടിനിർത്തലിന് യുഎസും യൂറോപ്യൻ രാജ്യങ്ങളും സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
പതിനൊന്നു മാസമായി ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല നടത്തുന്ന വെടിവയ്പ് ആവസാനിപ്പിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇതോടെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ നിർബന്ധിതരായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു.