റിൻസൻ ജോസ് എവിടെ? ബൾഗേറിയൻ കമ്പനിയെക്കുറിച്ച് അടുപ്പക്കാർക്കും അറിയാത്തതെന്ത്?
Mail This Article
ലെബനനിലെ പേജർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട്, വയനാട് സ്വദേശിയും നോർവീജിയൻ പൗരനുമായ റിൻസൻ ജോസിന്റെ പേര് ഉയർന്നുവരുന്നതിന് ഒരാഴ്ച മുൻപ്, നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു റിൻസൻ. 2023 ൽ റിൻസൺ സ്ഥാപിച്ച ഇന്ത്യ സ്പോർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷനാണ് സെപ്റ്റംബർ 14 ന് ആഘോഷം സംഘടിപ്പിച്ചത്.
പതിവുപോലെ തമാശകളും സംഭാഷണങ്ങളുമായി അവിടെ സജീവമായിരുന്നു റിൻസൻ. 160 പേരാണ് അന്നു പരിപാടിയിൽ പങ്കെടുത്തത്. പരിപാടിക്കിടയിൽ, അടുത്തയാഴ്ച ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ യുഎസിൽ പോകുമെന്നും കമ്പനിയാണ് അയയ്ക്കുന്നതെന്നും അദ്ദേഹം സുഹൃത്തുക്കളോടു പറഞ്ഞു.
പക്ഷേ തൊട്ടടുത്ത ആഴ്ച എല്ലാം മാറിമാറിഞ്ഞു. ലെബനനിലും സിറിയയിലും ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ, റിൻസനും അദ്ദേഹത്തിന്റെ കമ്പനി നോർട്ട ഗ്ലോബലിനും സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റിൻസന്റെ കുടുംബവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അമ്പരന്നു. റിൻസനെ ബന്ധപ്പെടാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കമ്പനിയെക്കുറിച്ച് ദുരൂഹത
എന്നാൽ പിന്നീട്, സ്ഫോടനമുണ്ടായ പേജറുകൾ ബൾഗേറിയയിൽ നിർമിച്ചതോ കയറ്റുമതി ചെയ്തതോ അല്ലെന്ന് ബൾഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി (ഡിഎഎൻഎസ്) വ്യക്തമാക്കി. റിൻസന്റെ കമ്പനിക്ക് അതുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ചുരുക്കം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസമായെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട ദുരൂഹത അപ്പോഴും തുടർന്നു.
വർഷങ്ങളായി റിൻസനെ അറിയാവുന്ന കേരളത്തിലെയും നോർവേയിലെയും ആളുകൾ, അദ്ദേഹം ബൾഗേറിയയിൽ ഒരു കമ്പനി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വാർത്ത അതിശയത്തോടെയാണ് കേട്ടത്. നോർവേയിൽ നോർട്ടാലിങ്ക് എന്ന കമ്പനി നടത്തുന്ന സംരംഭകനാണെന്നാണ് റിൻസന്റെ സമൂഹ മാധ്യമ പ്രൊഫൈലും പറയുന്നത്.
ബൾഗേറിയയുടെ റജിസ്ട്രേഷൻ ഏജൻസിയിൽനിന്നു ലഭിച്ച രേഖകൾ പ്രകാരം നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന സോൾ മെമ്പർ ലിമിറ്റഡ് ലയബലിറ്റി കമ്പനിയുടെ അസോസിയേഷൻ ആർട്ടിക്കിളിൽ റിൻസൺ ഒപ്പിട്ടിട്ടുണ്ട്. രേഖകൾ പ്രകാരം കമ്പനിയുടെ വിലാസം Sofia, 1000, 48 Vitosha Blvd, ground floor എന്നാണ്.
കമ്പനിയുടെ മൂലധനം ഏക ഉടമയും നോർവേ പൗരനായ റിൻസൻ ജോസിന്റേതാണെന്നും മുഴുവൻ മൂലധനവും പണമായി നൽകിയെന്നും രേഖകളിൽ പറയുന്നു. 2022 ഏപ്രിൽ 10നാണ് കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്. രേഖകളിലെ ഒപ്പ് റിൻസന്റേതിനു സമാനമാണെന്നാണ് ചില അടുത്ത വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ അക്കാര്യത്തിൽ സ്ഥിരീകരണമില്ല.
റിൻസൻ ബൾഗേറിയയിൽ ഒരു കമ്പനി നടത്തുന്നതായി അറിയില്ലെന്ന് ഓൺമനോരമയോടു സംസാരിച്ച കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. അവർക്കു മറ്റൊരു വാർത്ത കൂടി ലഭിച്ചിരുന്നു. ഇസ്രയേലിലെ സംരംഭകരെയും സഹസ്ഥാപകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫൗണ്ടേഴ്‌സ് നേഷൻ എന്ന വെബ്സൈറ്റിൽ റിൻസന്റെ പ്രൊഫൈലുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഗൂഗിളിൽ തിരഞ്ഞെങ്കിലും ആ പ്രൊഫൈൽ കണ്ടെത്താനായില്ല.
എന്നാൽ സിറ്റിസൺ ലാബിലെ സീനിയർ റിസർച്ച് ഫെലോ ബിൽ മാർസാക്കിന്റെ ഒരു ട്വീറ്റ് ശ്രദ്ധേയമായിരുന്നു. ‘‘നോർട്ട ഗ്ലോബലിന്റെ റജിസ്ട്രാർ ആയ റിൻസൺ ജോസ് തന്റെ ഫോൺ എടുക്കുന്നില്ല (ആശ്ചര്യമില്ല), പക്ഷേ, രസകരമെന്നു പറയട്ടെ, അദ്ദേഹത്തിന് ഫൗണ്ടേഴ്സ് നേഷനിൽ (ഇപ്പോൾ നിലവിലില്ലാത്ത) ഒരു പ്രൊഫൈൽ ഉണ്ടായിരുന്നു. സംരംഭകരെ ഇസ്രയേലിലെ സ്റ്റാർട്ട് അപ്പുകളുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത സൈറ്റാണ് ഫൗണ്ടേഴ്‌സ് നേഷൻ’’ – ട്വീറ്റിൽ പറയുന്നു. ഇതിനെപ്പറ്റി ബില്ലിന്റെ പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാൻ ഓൺമനോരമ ശ്രമിക്കുന്നുണ്ട്.
പേജർ സ്ഫോടനങ്ങളുമായി റിൻസന്റെ ബന്ധം സംബന്ധിച്ചു വരുന്ന വാർത്തകളിൽ അസ്വസ്ഥരാണ് റിൻസന്റെ സുഹൃത്തുക്കൾ. റിൻസനുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും നീങ്ങണമെന്നാണ് അവരുടെ ആഗ്രഹം. സുരക്ഷാ ഏജൻസികൾ തന്നെ ഇക്കാര്യം വ്യക്തമാക്കുമെന്നാണു പ്രതീക്ഷയെന്ന് റിൻസന്റെ സുഹൃത്തുക്കൾ പറയുന്നു.
‘‘ബൾഗേറിയയിലെ റിൻസന്റെ കമ്പനിയെക്കുറിച്ചോ ഇസ്രയേലി സംരംഭകരെ ബന്ധിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിൽ അദ്ദേഹത്തിന് പ്രൊഫൈൽ ഉണ്ടായിരുന്നുവെന്നോ ഞങ്ങൾക്കറിയില്ലായിരുന്നു. സൗഹാർദത്തോടെ ഇടപെടുന്ന, എല്ലാവരേയും സഹായിക്കുന്ന അദ്ദേഹം. ഒത്തുചേരലുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ആളുകളുമായി നല്ല ബന്ധം സൂക്ഷിക്കുന്നു. പെട്ടെന്നുതന്നെ കാര്യങ്ങൾ പഠിച്ചെടുക്കും. പക്ഷേ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിശബ്ദത ഭയപ്പെടുത്തുന്നു’’ – കേരളത്തിലെയും നോർവേയിലെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു.
പേജർ സ്ഫോടനങ്ങൾക്കുശേഷം റിൻസൺ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിച്ചിട്ടില്ല. എന്തെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന് നോർവേയിലെ നാഷനൽ പൊലീസ് ഡയറക്ടറേറ്റിനോടും നീതിന്യായ പൊതുസുരക്ഷാ മന്ത്രാലയത്തോടും ഓൺമനോരമ അന്വേഷിച്ചിരുന്നു. പക്ഷേ, മറുപടി ലഭിച്ചിട്ടില്ല. റിൻസൺ നിലവിൽ ജോലി ചെയ്യുന്ന ഡിഎൻ മീഡിയ ഗ്രൂപ്പിന്റെ സിഇഒ അമുണ്ട് ഡ്യുവെയ്ക്ക് ഇതുസംബന്ധിച്ച് അയച്ച ഇമെയിലുകൾക്കും ഉത്തരം ലഭിച്ചിട്ടില്ല.
പേജറുകൾ വിതരണം ചെയ്തതിൽ നോർവീജിയൻ കമ്പനിക്കു പങ്കുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം വേണോ എന്നു കണ്ടെത്താൻ നോർവേയുടെ സുരക്ഷാ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ റിൻസൺ ജോസിന്റെ അടുത്ത സുഹൃത്തുക്കളെയോ പരിചയക്കാരെയോ നോർവീജിയൻ പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
നോർവേയിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾത്തന്നെ ഒരു സ്വകാര്യ കമ്പനി നടത്താൻ നിയമപരമായി തടസ്സമില്ലാതിരിക്കെ, ബൾഗേറിയയിലെ കമ്പനിയുടെ കാര്യം റിൻസൺ എന്തിനാണ് രഹസ്യമായി വച്ചതെന്നാണ് സുഹൃത്തുക്കളുടെ സംശയം. റിൻസന്റെ ഭാര്യയെയും ഇതുവരെ ബന്ധപ്പെടാനായിട്ടില്ല.