വിലാപവീഥി! അന്ത്യയാത്ര ലോറിയോടിച്ചു പോയ അതേവഴിയിലൂടെ; അർജുനെ കാത്ത് ജന്മനാട്
Mail This Article
കാർവാർ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരുന്നു. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിക്കുന്നുണ്ട്. അർജുന്റെ ഫോണും വസ്ത്രങ്ങളുമടക്കമുള്ള അവശേഷിപ്പുകൾ ആംബുലൻസിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടുവരുന്നത്.
മരത്തടികൾ കയറ്റിയ ലോറിയുമായി അർജുൻ പോയ അതേവഴിയിലൂടെയാണ് അന്ത്യയാത്രയും. മടക്കത്തിനിടയിൽ അപകടമുണ്ടായ സ്ഥലത്ത് ആംബുലൻസ് അൽപനേരം നിർത്തും. കർണാടക സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ സതീഷ് കൃഷ്ണ സെയ്ൽ എംഎൽഎ അർജുന്റെ കുടുംബത്തിന് കൈമാറും. ശനിയാഴ്ച രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അറിയിച്ചു. ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കാരം.
അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്നാണ് കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരുൾപ്പെടെ ആശുപത്രിയിലെത്തി.
ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായി കണ്ടെടുത്ത ശരീരത്തിലെ ഡിഎൻഎ സാംപിൾ ഒത്തുനോക്കിയാണ് കാർവാറിലെ ഫൊറൻസിക് സംഘം സ്ഥിരീകരിച്ചത്. ലോറി അർജുന്റേതുതന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. എന്നാൽ കാണാതായി 72–ാം ദിവസം ലഭിച്ച മൃതദേഹം തിരിച്ചറിയാനാകാത്തതിനാൽ നിയമനടപടികൾക്ക് അനുസരിച്ച് ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു. അർജുന്റെ വാച്ച്, ചെരുപ്പ്, മൊബൈൽ ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, മകന്റെ കളിപ്പാട്ടം, കുപ്പിവെള്ളം, കവറിൽ സൂക്ഷിച്ച ധാന്യങ്ങൾ, വാഹനവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയും കാബിനിൽനിന്നു കണ്ടെടുത്തിരുന്നു. ലോറിയുടെ മെക്കാനിക് ഉപകരണങ്ങൾ അടങ്ങിയ ബാഗും കണ്ടെടുത്തിരുന്നു.