20 കി.മീ പരിധിയിലെ 3 എടിഎമ്മുകളിലെ കവർച്ചയ്ക്ക് ഒന്നര മണിക്കൂർ; കണ്ടെയ്നറിൽ കെട്ടുകെട്ടായി പണം
Mail This Article
തൃശൂർ∙ മൂന്ന് എടിഎമ്മുകളിൽനിന്നു പണം മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതികളെ തമിഴ്നാട് പൊലീസ് പിടികൂടിയത് അതിസാഹസികമായി. സിനിമാസ്റ്റൈൽ ചേസിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ചാ സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ബെംഗളൂരുവിലേക്ക് കടക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. കവർച്ചക്കാർ സഞ്ചരിച്ച കാറിൽ 4 പേരാണുണ്ടായിരുന്നത്. പിന്നീട് രണ്ട് പേർ കൂടെ ചേർന്നു. രാജസ്ഥാൻ റജിസ്ട്രേഷനിലുള്ളതാണ് ഇവർ സഞ്ചരിച്ച കണ്ടെയ്നർ. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്ന് കേരള പൊലീസ് വിവരം നൽകിയതിനെ തുടർന്നാണ് തമിഴ്നാട് പൊലീസ് ഇവരെ കണ്ടെത്തിയതും പിന്തുടർന്നതും. പണം കണ്ടെയ്നറിൽ കൊണ്ടുപോകുന്നതിനിടെ നാമക്കലിൽ പൊലീസുമായി പ്രതികൾ ഏറ്റുമുട്ടി.
ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെടുകയും രണ്ടു പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരുക്കേറ്റത്. രണ്ടു പൊലീസുകാർക്ക് കുത്തേറ്റാണ് പരുക്ക്. ഒന്നര മണിക്കൂറിനുള്ള 20 കിലോമീറ്റർ പരിധിയിലെ 3 എടിഎമ്മുകളാണ് സംഘം കവർന്നത്. കൃത്യമായ ആസൂത്രണങ്ങളോടെ ആയിരുന്നു കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലായിരുന്നു കവര്‍ച്ച. പുലർച്ചെ 2.30നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്.