ADVERTISEMENT

ആലപ്പുഴ ∙ ഓളവും തീരവും സാക്ഷി; പുന്നമടയിൽ ജലചക്രവർത്തി അശ്വമേധം തുടരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കൈക്കരുത്തിലേറി കാരിച്ചാൽ ചുണ്ടൻ എഴുപതാമത് നെഹ്റു ട്രോഫി കിരീടം ചൂടി. കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കൻ‌ഡുകൾക്കു പിൻതള്ളിയാണ് വിജയം. തുടർച്ചയായി അഞ്ചു കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞു കയറിയത്; കാരിച്ചാലിന് നെഹ്റു ട്രോഫി ചരിത്രത്തിൽ പതിനാറാം കിരീടവും. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ നാലാമതും എത്തി. ഫൈനലിലെ നാലു വള്ളങ്ങളും ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ്  ഫിനിഷ് ചെയ്തത്.

2016 നു ശേഷം നെഹ്റു ട്രോഫി നേടിയിട്ടില്ലെന്ന പരാതി തീർക്കാനിറങ്ങിയ കാരിച്ചാൽ ചുണ്ടൻ നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ മികച്ച സമയം കുറിച്ചാണ് ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വർഷങ്ങളിലാണ് മുൻപ് കാരിച്ചാൽ ജവാഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പു സ്വന്തമാക്കിയത്.

അഞ്ചു ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്. ഒന്നാം ഹീറ്റ്സിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വീയപുരം ചുണ്ടനും ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.

ഒന്നാം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.

English Summary:

Nehru Trophy Boat Race 2023: Live Updates and Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com