ADVERTISEMENT

ജറുസലം∙ ഇസ്രയേൽ കഴിഞ്ഞ ദിവസം തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി. ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ.

മധ്യപൂർവദേശത്ത് വലിയ സ്വാധീനമുള്ള നേതാവായിരുന്നു നസ്റല്ല. ഇസ്രയേലിനോട് പോരാടാൻ ഇറാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തിൽ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി നസ്റല്ല പങ്കെടുത്തിരുന്നില്ല.

പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിരുന്നു നസ്‌റല്ല. ലെബനീസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ നസ്റല്ലയാണ് ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത്. 1960ൽ ബെയ്റൂട്ടിലാണ് ജനനം. ഒൻപത് മക്കളിൽ മൂത്തവന്‍.

1975ൽ ഷിയ ഗ്രൂപ്പുകളുടെ അമൽ മൂവ്മെന്റിന്റെ ഭാഗമായി. മതപഠനത്തിനുശേഷം ലബനനിൽ തിരിച്ചെത്തി വീണ്ടും അമൽ മൂവ്മെന്റിന്റെ ഭാഗമായി. 1982ൽ ഇസ്രയേൽ ലബനനെ ആക്രമിച്ചപ്പോൾ ഗ്രൂപ്പിൽനിന്നും വിട്ടുപോയി. ഇറാന്റെ പിന്തുണയോടെ പിന്നീട് ഹിസ്ബുല്ല സംഘടന ഉദയം ചെയ്തപ്പോൾ ഇതിന്റെ ഭാഗമായി. ഹിസ്ബുല്ലയുടെ നേതൃനിരയിലേക്ക് ഉയർന്നു. ഹിസ്ബുല്ല മേധാവി അബ്ബാസ് അൽ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 32–ാം വയസിൽ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി.

ഹമാസ് മുൻ മേധാവി ഇസ്മായിൽ ഹനിയയ്ക്കൊപ്പം ഹസൻ നസ്റല്ല. 2022 ജൂൺ 23ന് ഹിസ്ബുല്ലയുടെ അൽ മനാർ ടിവി പുറത്തുവിട്ട ചിത്രം.
ഹമാസ് മുൻ മേധാവി ഇസ്മായിൽ ഹനിയയ്ക്കൊപ്പം ഹസൻ നസ്റല്ല. 2022 ജൂൺ 23ന് ഹിസ്ബുല്ലയുടെ അൽ മനാർ ടിവി പുറത്തുവിട്ട ചിത്രം.

ഇസ്രയേലിനെതിരെ നസ്റല്ലയുടെ ആദ്യത്തെ തിരിച്ചടി ഈ സംഭവത്തിലായിരുന്നു. വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. കാർബോംബ് ആക്രമണത്തിൽ തുർക്കിയിലെ ഇസ്രയേൽ എംബസിയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അർജന്റീനയിലെ ഇസ്രയേൽ എംബസിയിലെ മനുഷ്യബോംബ് സ്ഫോടനത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുമായുള്ള ചെറുയുദ്ധത്തിൽ തെക്കൻ ലെബനനിൽനിന്ന് ഇസ്രയേലിന് പിൻമാറേണ്ടി വന്നു. ഇസ്രയേലിന്റെ തിരിച്ചടിയിൽ നസ്റല്ലയുടെ മകൻ കൊല്ലപ്പെട്ടു. ലെബനന്റെ പഴയ അതിർത്തികൾ പുനഃസ്ഥാപിക്കുമെന്ന് നസ്റല്ല പ്രഖ്യാപിച്ചു. 2006 ൽ ഹിസ്ബുല്ല ഇസ്രയേൽ അതിർത്തി കടന്ന് ആക്രമണം നടത്തി. 8 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. സംഘർഷം യുദ്ധമായി വളർന്നു.

34 ദിവസത്തെ യുദ്ധത്തിൽ 1125 ലെബനൻകാരും 119 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. നസ്റല്ലയുടെ വീട് ഇസ്രയേൽ യുദ്ധ വിമാനങ്ങൾ ലക്ഷ്യമിട്ടെങ്കിലും രക്ഷപ്പെട്ടു. 2009ൽ ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കി നസ്റല്ല മാനിഫെസ്റ്റോ പുറത്തിറക്കി. നാലു വർഷത്തിനുശേഷം സംഘടന പുതിയ മേഖലകളിലേക്ക് കടന്നു. ഇറാന് പിന്തുണയുമായി സിറിയയിലേക്ക് പോരാളികളെ അയച്ചു. സിറിയയിലേക്ക് യുദ്ധത്തിന് പോരാളികളെ അയച്ചതിനെ എതിർത്ത് ലെബനനിലെ സുന്നി നേതാക്കൾ രംഗത്തുവന്നിരുന്നു. 2023 ഒക്ടോബർ എട്ടിന് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതോടെ പിന്തുണയുമായി ഹിസ്ബുല്ലയെത്തി. ഇതോടെയാണ് സംഘടനയെ വീണ്ടും ഇസ്രയേൽ ലക്ഷ്യമിട്ടത് .

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രയേൽ പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ നടത്തി. നിരവധിപേർ മരിച്ചു. ആക്രമണം ഞെട്ടിച്ചതായും തിരച്ചടിക്കുമെന്നും നസ്റല്ല വ്യക്തമാക്കിയിരുന്നു. പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഒറ്റദിവസം തെക്കൻ ലബനനിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയത്. വൻ സ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com