കോഴിക്കോടിന്റെ സാംസ്കാരികത്തനിമകൾ ചേരുന്ന ഹോർത്തൂസ്: സംഘാടക സമിതിയായി
Mail This Article
കോഴിക്കോട് ∙ കോഴിക്കോടിന്റെ എല്ലാ കലാസാംസ്കാരിക പരിപാടികളും യോജിപ്പിച്ച് സാഹിത്യോത്സവം സംഘടിപ്പിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് എം.കെ.രാഘവൻ എംപി. മലയാള മനോരമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ‘ഹോർത്തൂസി’ന്റെ സംഘാടക സമിതിയുടെ ആദ്യ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃകയാകുന്ന സാഹിത്യോത്സവമായിരിക്കണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേയർ ബീന ഫിലിപ്പിന് ബാഡ്ജ് നൽകിക്കൊണ്ട് സാഹിത്യോത്സവത്തിന്റെ ബാഡ്ജ് വിതരണവും അദ്ദേഹം നിർവഹിച്ചു.
കേരളത്തിൽ ആദ്യമായി സാഹിത്യോത്സവം നടത്തിയത് മലയാള മനോരമയാണെന്ന് അധ്യക്ഷത വഹിച്ച മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. 1891ൽ കോട്ടയത്ത് ‘കവിസമാജം’ എന്ന പേരിലാണ് സംഘടിപ്പിച്ചത്. പിന്നീട് ഭാഷാപോഷിണി എന്നാക്കുകയും അതേ പേരിൽ മാസിക പ്രസിദ്ധീകരിക്കുകയുമായിരുന്നു. അതിന്റെ പുനരാരംഭമാണ് ഹോർത്തൂസിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പേര് സൂചിപ്പിക്കുന്നതുപോലെ ഉദ്യാനത്തിന്റെ വൈവിധ്യമായിരിക്കും ഹോർത്തൂസിലൂടെ അവതരിപ്പിക്കാൻ പോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മേയർ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാവരേയും ചേർത്തുപിടിക്കുന്ന സാഹിത്യ നഗരത്തിലേക്ക് ഹോർത്തൂസ് കടന്നു വരുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി ഹോർത്തൂസിനെക്കുറിച്ച് വിശദീകരിച്ചു. കൊച്ചി ബിനാെലയുടെ ഒരു പതിപ്പ് ഒക്ടോബർ 20 മുതൽ കോഴിക്കോട് ബീച്ചിൽ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ബോസ് കൃഷ്ണമാചാരിയായിരിക്കും നേതൃത്വം നൽകുന്നത്. 7 വേദികളിലായി 120 സെഷനിൽ മുന്നൂറിലധികം പേർ സംവദിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ എഴുത്തുകാരായിരിക്കും പങ്കെടുക്കുന്നത്. ബുക്ക് ഫെയറിൽ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾ ലഭ്യമാകും. കുട്ടികൾക്കു വേണ്ടി പ്രത്യേകം പവലിയൻ, കൊറിയയിൽ നിന്നുള്ള ഷെഫിന്റെ നേതൃത്വത്തിൽ കുക്ക് സ്റ്റുഡിയോ, മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംഗീത നിശ എന്നിവയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൽപറ്റ നാരായണൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ആശംസ അർപ്പിച്ചു. കെ.പി.രാമനുണ്ണി, പി.കെ.പാറക്കടവ്, ആറ്റക്കോയ പള്ളിക്കണ്ടി, കെ.പി.സുധീര, എൻ.കെ.അബ്ദുറഹ്മാൻ, കെ.പി.ബഷീർ, എടത്തൊടി രാധാകൃഷ്ണൻ, കെ.മൊയ്തു, ജോയ് മാത്യു, വി.ആർ.സുധീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ, പി.ജെ.ജോഷ്വ സ്വാഗതവും സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.